തൊഴിൽ, സാധാരണ ജീവിതം - ഇവർക്കും ഇത് സാധ്യം
റെന്‍സ ഇഖ്ബാല്‍

മാനസിക വെല്ലുവിളി നേരിടുന്നവരെ കുറിച്ച് അവർക്കും സമൂഹത്തിനുമുള്ള മുന്‍വിധിയുടെ മറ നീക്കികൊണ്ടിരിക്കുകയാണ് യു.എൽ കെയർ. സ്കൂൾ കഴിഞ്ഞാൽ പിന്നെ ഇവരിൽ പലരും വീട്ടിൽ ഒതുങ്ങുകയാണ് പതിവ്. എന്നാൽ അവരെ പുറത്തോട്ട് കൊണ്ടുവന്ന് പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാകുകയാണ് “യു.എൽ കെയർ”.

പതിനെട്ട് വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരുടെ ക്ഷേമമാണ് യു.എൽ കെയർ പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടെ അവർക്ക് ജോലി ഉറപ്പ് വരുത്തുകയും ചെയുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരെയും അവരുടെ കുടുംബങ്ങളെയും മാത്രമല്ല യു.എൽ കെയർ സഹായിക്കുന്നത്, സമൂഹത്തിന് ഒരു പുതുസന്ദേശം നൽകിക്കൊണ്ട് കാഴ്ചപ്പാടുകൾ മാറ്റുകയാണ് ഇവർ.
കോഴിക്കോട് ജില്ലയിൽ എരഞ്ഞിപ്പാലത്ത് നായനാർ ബാലികാസദനത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. 100 വർഷത്തിലേറെ പഴക്കമുള്ള ഈ വീട്ടിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്.