ചെറുതോണി: പ്രളയക്കെടുതിയില്‍ ദുരിതത്തിലായ സംസ്ഥാനത്ത് മഴ കുറയുകയാണ്. മഴ കുറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.

ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്. ഇതോടൊപ്പം ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്.

അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളത്തില്‍ മുങ്ങിപ്പോയ ആലുവ നഗരത്തിന്റെ പലഭാഗത്ത് നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.


ALSO READ: എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു: വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


ഇന്നലെ മുതല്‍ മഴ കുറഞ്ഞ നിലയിലാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

അതേസമയം എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് മഴ കുറഞ്ഞതോടെ പിന്‍വലിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴ് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത