വാഷിങ്ടണ്‍: സ്‌കൂളുകളില്‍ വെടിവെപ്പുണ്ടാകുന്നത് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.

ഫ്ളോറിഡ വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.

എന്നാല്‍, ട്രംപിന്റെ അഭിപ്രായത്തോട് മാതാപിതാക്കളും അധ്യാപകരും എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കരുതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഫ്ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലുടനീളം ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്കിയിട്ടുണ്ട്.