ആധിത്യ ധറിന്റെ ചെറുപ്പകാലവും, മോദിയുടെ അരങ്ങേറ്റ ചിത്രവും; ധുരന്ധറിനെ എയറിലാക്കി ട്രോളന്മാര്‍
Indian Cinema
ആധിത്യ ധറിന്റെ ചെറുപ്പകാലവും, മോദിയുടെ അരങ്ങേറ്റ ചിത്രവും; ധുരന്ധറിനെ എയറിലാക്കി ട്രോളന്മാര്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 22nd March 2026, 10:59 pm

തീവ്രവലതുപക്ഷ ആശയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ചിത്രങ്ങളെ സെന്‍സര്‍ ബോര്‍ഡിന്റെ അധികാരം ഉപയോഗിച്ച് ചങ്ങലയ്ക്കിടുകയും ഇവര്‍ക്ക് സ്തുതി പാടുന്ന ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരമടക്കം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാഴ്ച്ച സമകാലിക ഇന്ത്യയില്‍ പുതുമയുള്ളതല്ല. കേരള സ്റ്റോറിയും കശ്മീര്‍ ഫയല്‍സുമെല്ലാം ഇത്തരം ചിത്രങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

ധുരന്ധര്‍ 2. Photo: IMDB

എന്നാല്‍ കേവലം അജണ്ട ചിത്രങ്ങളെന്നതിലുപരി മികച്ച സാങ്കേതിക തികവോടെ തങ്ങളുടെ പ്രൊപ്പഗണ്ട മാസ് ഓഡിയന്‍സിലേക്കെത്തിക്കുക എന്ന ദൗത്യത്തിനാണ് സംവിധായകന്‍ ആദിത്യ ധര്‍ തന്റെ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. 1400 കോടിയോളം നേടി തിയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ധുരന്ധര്‍. പാകിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറഞ്ഞ ചിത്രം രണ്ടാം ഭാഗത്തിനുള്ള വലിയ ഹൈപ്പ് സമ്മാനിച്ചാണ് തിയേറ്റര്‍ വിട്ടത്.

മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി മോദി ഗവണ്‍മെന്റിനെ വെള്ള പൂശാനുള്ള പി.ആര്‍ വര്‍ക്കാണെന്നാണ് പലരും വിമര്‍ശനമുന്നയിച്ചത്. നോട്ട് നിരോധനമടക്കം ഇന്ത്യയെ പിന്നോട്ടടിച്ച പല മോദി സര്‍ക്കാര്‍ നടപടികളെയും പുകഴ്ത്തുന്ന ചിത്രത്തെ ട്രോളന്മാരും ഇതിനോടകം എയറിലാക്കിയിട്ടുണ്ട്. ചിത്രം കണ്ടിറങ്ങിയതിന് ശേഷം യുവാവ് നടത്തുന്ന റിവ്യൂ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രം കണ്ടിറങ്ങി വരുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ധുരന്ധര്‍ 2 എങ്ങനെയുണ്ടെന്ന ചോദ്യത്തിന് സിനമയിലേക്കുള്ള അരങ്ങേറ്റത്തിന് നമ്മുടെ മോദിജിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞാണ് റിവ്യൂ ആരംഭിക്കുന്നത്. ആദിത്യ ധറിന്റെ പേരാണ് എല്ലായിടത്തുമുള്ളതെങ്കിലും മോദിജിയാണ് തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് തനിക്ക് തോന്നുതെന്നും എല്ലാം മികച്ച രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും ട്രോളന്‍ പറയുന്നു.

‘ചിത്രം കണ്ടപ്പോഴാണ് അദ്ദേഹത്തെ ഇത്രകാലം കാണാതിരുന്നതതിന്റെ കാര്യം മനസ്സിലായത്. മണിപ്പൂരിലും ലഡാക്കിലും പഞ്ചാബിലുമൊന്നും അദ്ദേഹത്തെ കണ്ടിരുന്നില്ല. ഇത്രയും നല്ല ഒരു ചിത്രം സംവിധാനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിത്രം കണ്ടതോടെ നോട്ടുകള്‍ നിരോധിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായി. ഇനി വരാനിരിക്കുന്ന ധുരന്ധര്‍ 3ല്‍ കൊവിഡിന്റെ സമയത്ത് ഓക്‌സിജനില്ലാതെ ആളുകള്‍ മരിച്ചതെങ്ങനെയാണെന്നും ധുരന്ധര്‍ 4 ല്‍ വാക്‌സിനേഷന് എന്തുകൊണ്ടാണ് സൈഡ് എഫക്ട് വന്നതെന്നും ധുരന്ധര്‍ 5 ല്‍ അമേരിക്ക ഇന്ത്യയുടെ മേല്‍ താരിഫ് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നും നമുക്ക് മനസ്സിലാക്കാം,’ വീഡിയോയില്‍ പറഞ്ഞു.

ഇതിനൊപ്പം ആദിത്യ ധറിന്റെ കുട്ടിക്കാലമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയും പ്രേക്ഷകരില്‍ ചിരി പടര്‍ത്തി. ബി.ജെ.പിയുടെ പതാകയുമേന്തി പിറകില്‍ ബാഗുമായി മോദി മോദി എന്ന് ഉറക്കെ വിളിച്ചുകൊണ്ട് സ്‌കൂളിലേക്ക് പോകുന്ന കുട്ടിയുടെ വീഡിയോ ആധിത്യ ധറിന്റെ കുട്ടിക്കാലമാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ചെറുപ്പം മുതല്‍ തന്നെ അന്ധമായ ആരാധന ഇല്ലാതെ ഇത്തരത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ സേവിക്കാന്‍ കഴിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Troll Against Aditya dhar for his new movie Dhurandhar 2

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.