ബബിള്‍ഗം ചവച്ചുകൊണ്ടാണോ അഭിനയിച്ചത്, ഡയലോഗ് ഒരു വഴിക്കും ഡബ്ബിങ് വേറൊരു വഴിക്കും... കറുപ്പ് ഒ.ടി.ടി റിലീസിന് പിന്നാലെ തൃഷക്ക് വിമര്‍ശനം
Indian Cinema
ബബിള്‍ഗം ചവച്ചുകൊണ്ടാണോ അഭിനയിച്ചത്, ഡയലോഗ് ഒരു വഴിക്കും ഡബ്ബിങ് വേറൊരു വഴിക്കും... കറുപ്പ് ഒ.ടി.ടി റിലീസിന് പിന്നാലെ തൃഷക്ക് വിമര്‍ശനം
അമര്‍നാഥ് എം.
Sunday, 14th June 2026, 9:41 am

തിയേറ്ററില്‍ ഈ വര്‍ഷം ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രമാണ് കറുപ്പ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ഗംഭീര തിയേറ്റര്‍ ഹിറ്റ് ലഭിച്ച് സൂര്യ ബോക്‌സ് ഓഫീസില്‍ തന്റെ തിരിച്ചുവരവറിയിച്ചു. അനൗണ്‍സ്‌മെന്റ് മുതല്‍ അധികം പ്രതീക്ഷയില്ലാതിരുന്ന ചിത്രം ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ട് വിജയമായി മാറി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ കറുപ്പിന് ഒ.ടി.ടിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല സീനുകളിലെയും മിസ്റ്റേക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പോസ്റ്റുകളും ചിത്രത്തിലെ സീനുകളെ അഭിനന്ദിക്കുന്ന പോസ്റ്റുകളും ഇതിനോടകം വൈറലായി.

അത്തരത്തില്‍ വിമര്‍ശനം നേരിടുന്ന ഒന്നാണ് തൃഷയുടെ പ്രീതി എന്ന കഥാപാത്രം. കഥയില്‍ വലിയ പ്രാധാന്യമൊന്നുമില്ലാത്ത നായിക കഥാപാത്രമാണ് തൃഷ അവതരിപ്പിച്ച പ്രീതി. എന്നാല്‍ തൃഷയുടെ ഡയലോഗ് ഡെലിവറിക്ക് വലിയ വിമര്‍ശനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സീനില്‍ പോലും മര്യാദക്ക് ലിപ് സിങ്കില്ലാതെയാണ് തൃഷയുടെ ഡയലോഗ് ഡെലിവറി.

ഡയലോഗ് ഒരുവഴിക്കും ഡബ്ബിങ് വേറൊരു വഴിക്കും പോകുന്ന തൃഷയുടെ രംഗങ്ങള്‍ ഒരുഘട്ടത്തില്‍ മടുപ്പ് ഉളവാക്കിയിട്ടുണ്ട്. ഷൂട്ടിന്റെ സമയത്ത് പറഞ്ഞ ഡയലോഗുകള്‍ ഡബ്ബിങ് സമയത്ത് മാറ്റിയതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് പലരും അഭിപ്രായപ്പെടുന്നു. സംവിധായകന്‍ ഇക്കാര്യം ശ്രദ്ധിക്കാതെ വിട്ടത് മോശമായെന്നും കമന്റുകളുണ്ട്.

തൃഷയുടെ സീനുകളെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളും ഇതിനോടകം വൈറലായി. വടിവേലു പഴയ ഒരു സിനിമയില്‍ ബബിള്‍ഗം വായിലിട്ട് ചവക്കുന്ന വീഡിയോ വെച്ചാണ് ട്രോള്‍. തെലുങ്ക് സിനിമ തമിഴില്‍ ഡബ് ചെയ്ത് കാണുന്ന ഫീലാണ് തൃഷയുടെ സീനുകളില്‍ ലഭിച്ചതെന്നും ചിലര്‍ പരിഹാസരൂപത്തില്‍ അഭിപ്രായപ്പെട്ടു.

കരിയറില്‍ 150 കോടി പോലും കളക്ഷനില്ലാതിരുന്ന സൂര്യ കറുപ്പിലൂടെ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 340 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 150 കോടിയിലേറെയാണ് ചിത്രം നേടിയത്. സൂര്യക്ക് പുറമെ മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സും കറുപ്പില്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ആര്‍.ജെ ബാലാജിക്ക് മാസ് സിനിമ ഒരുക്കാനാകുമെന്ന് കറുപ്പിലൂടെ തെളിയിച്ചിരിക്കുകയാണ്.

Content Highlight: Trisha’s lip sync issue in Karuppu getting trolls after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം