വിസ നടപടി വെരി സിംപിള്‍; പറക്കാം വൈനിന്റെ നാടായ കേപ് ടൗണിലേയ്ക്ക്
Travel Diary
വിസ നടപടി വെരി സിംപിള്‍; പറക്കാം വൈനിന്റെ നാടായ കേപ് ടൗണിലേയ്ക്ക്
ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 11:29 pm

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍. ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് അറ്റ്‌ലാന്റിക് സമുദ്രത്താലും ഇന്ത്യന്‍ മഹാസമുദ്രത്താലും ചുറ്റപ്പെട്ടതാണ് കേപ് ടൗണ്‍. സുഖകരമായ കാലാവസ്ഥ, മനോഹരമായ ഭൂപ്രകൃതി, വികസിതവും സൗകര്യങ്ങള്‍ നിറഞ്ഞ നഗരം എന്നിവയെല്ലാം കേപ് ടൗണിന്റെ സവിശേഷതകളാണ്.

ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ വൈന്‍ ഫാമുകളെല്ലാം ഈ നഗരത്തിന്റെ ഹൃദയ ഭാഗത്താണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ വൈന്‍ ഫാമായ ഗ്രൂട്ട് കോണ്‍സ്റ്റാന്റിയ കേപ് ടൗണിലാണ്. രാജ്യത്തെ ഏറ്റവും മികച്ച വൈന്‍ ഉല്‍പാദിപ്പിക്കുന്ന മൂന്നു മുന്തിരിത്തോട്ടങ്ങള്‍ കാണാനുള്ള സൗകര്യം കേപ് ടൗണ്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫാമുകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും രുചികരമായ വൈനും മികച്ച ഭക്ഷണവും ആസ്വദിക്കാനും ഈ മുന്തിരിത്തോട്ടങ്ങളില്‍ സൗകര്യമുണ്ട്.

സൈക്കിള്‍ സഫാരിയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികള്‍ക്കു സാഹസികമായ അനുഭവമായിരിക്കും കേപ് ടൗണിലെ മൗണ്ടന്‍ ബൈക്ക് സഫാരി. താഴ്വരകളില്‍ കൂടിയും മുന്തിരിത്തോട്ടങ്ങളുടെ മനോഹാരിത കണ്ടും ഹെര്‍മാനുസ് എന്ന തീരദേശ പട്ടണത്തിലെത്തുമ്പോള്‍ കടലിന്റെ സൗന്ദര്യവും സഞ്ചാരികള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തും. സ്രാവുകള്‍ അടക്കമുള്ള വലിയ മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ഇവിടെ കാണാന്‍ കഴിയും. കേപ് പോയിന്റ് നേച്ചര്‍ റിസര്‍വ്, കാടിന്റെ വന്യത സഞ്ചാരികള്‍ക്കു സമ്മാനിക്കും.

സാഹസിക പ്രിയര്‍ക്കായി ഈ നാട് ഒരുക്കിയിരിക്കുന്ന മറ്റൊരു വിനോദമാണ് വമ്പന്‍ സ്രാവുകള്‍ക്കൊപ്പമുള്ള ഡൈവിങ്. ഗ്യാന്‍സ്ബായ് തീരത്തെ ഷാര്‍ക് കേജ് ഡൈവിങ് ഡെസ്റ്റിനേഷന്‍ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. ബീച്ചുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ചരിത്രത്തെ അടയാളപ്പെടുത്തി നില്‍ക്കുന്ന ഗുഡ് ഹോപ്പ് മുനമ്പ്, ക്രിസ്റ്റന്‍ബോഷ് ദേശീയ സസ്യോദ്യാനം, റോബന്‍ ദ്വീപ് തുടങ്ങിയവയെല്ലാം ഇവിടുത്തെ വേറിട്ട കാഴ്ചകളാണ്.

സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെ ഇവിടെ വേനല്‍ക്കാലമാണ്. അതാണ് കേപ് ടൗണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. തണുത്തതും അല്‍പം വരണ്ടതുമായ കാലാവസ്ഥ മെയ് മുതല്‍ ഓഗസ്റ്റ് വരെ നീളും.

വിസ ലഭിക്കാന്‍

ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മൂന്നുവര്‍ഷത്തെ ടാക്‌സ് പേപ്പര്‍, ജോലി ചെയ്യുന്ന കമ്പനിയുടെ എന്‍.ഒ.സി, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ എന്നിവയോടെപ്പം യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണം സൗത്ത് ആഫ്രിക്കന്‍ വിസക്ക്. യെല്ലോ ഫീവര്‍ ഏരിയകളില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലാണ് ഇതുവേണ്ടത്.

കെച്ച വില്ലിങ്ടണ്‍ എലന്‍ഡ് പോര്‍ട്ട് ഹെല്‍ത് ഓര്‍ഗനൈസേഷനാണ് ഈ സര്‍ട്ടിഫിക്കറ്റ് തരുന്നത്. ഒരു മാസമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. രേഖകള്‍ ദല്‍ഹിയിലുള്ള സൗത്ത് ആഫ്രിക്കന്‍ ഹൈകമ്മീഷനിലേക്ക് അയച്ച് വിസയ്ക്ക് അപേക്ഷിക്കണം. 15 ദിവസത്തിനുള്ളില്‍ രേഖകളും വിസയും കൊറിയറില്‍ ലഭിക്കും.