റോം: ഇറ്റലിയില്‍ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കുമെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തുമെന്നും മെലോണി പറഞ്ഞു.

തന്റെ ഭരണകക്ഷിയായ ‘ബ്രദേസ് ഓഫ് ഇറ്റലി’ പാര്‍ട്ടിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തിലായിരുന്നു മെലോണിയുടെ പരാമര്‍ശം. സ്‌കൂള്‍ അന്തരിക്ഷവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വിദേശ ഭാഷാ പഠനം നിര്‍ബന്ധമാക്കുമെന്നും അവര്‍ പറഞ്ഞു.

ഇറ്റലിയിലേക്ക് കുടിയേറി സ്വന്തം ഭാവി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും രാജ്യത്തിന്റെ ഭാഷ പഠിക്കുകയും സംസ്‌കാരം മനസിലാക്കുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും ജോര്‍ജിയ മെലോണി പ്രഖ്യാപിച്ചു.

റോമില്‍ സംഘടിപ്പിച്ച ‘ജിയോവെഞ്ചു നാസിയോണാലെ’ ദേശീയ മേളയില്‍ സദസോിന്റെ വന്‍ കരഘോഷങ്ങള്‍ക്കിടയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഇതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രമാണ് ബുര്‍ഖ. കണ്ണുകള്‍ മാത്രം പുറത്തുകാണുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് നിഖാബ്. നിലവില്‍ ഇറ്റലിയില്‍ ഈ വസ്ത്രങ്ങള്‍ക്ക് പൂര്‍ണ്ണമായ നിരോധനമില്ല. എങ്കിലും, വ്യക്തിത്വം തിരിച്ചറിയാന്‍ തടസ്സമുണ്ടാക്കുന്ന തരത്തില്‍ ഹെല്‍മറ്റുകളോ മുഖം മൂടുന്ന വസ്ത്രങ്ങളോ ധരിക്കുന്നത് 1975-ലെ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

എന്നാല്‍, തിരിച്ചറിയല്‍ പരിശോധന വേളയില്‍ മുഖം കാണിക്കാന്‍ തയ്യാറാണെങ്കില്‍, മതപരമോ സാംസ്‌കാരികമോ ആയ കാരണങ്ങളാല്‍ മുഖം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കാമെന്ന് 2008-ലെ കോടതി ഉത്തരവ് വ്യക്തമാക്കുന്നു.

നിലവിലെ ഇറ്റാലിയന്‍ നിയമമനുസരിച്ച് ഒരു ക്ലാസിലോ സ്‌കൂളിലോ പരമാവധി 30 ശതമാനം വിദേശ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ പരിധിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രി മെലോണി വ്യക്തമാക്കിയിട്ടില്ല. ഇറ്റലിയിലെ സ്‌കൂളുകളിലെ ആകെയുള്ള വിദ്യാര്‍ഥികളില്‍ ഏകദേശം 12 ശതമാനത്തോളം വിദേശ വിദ്യാര്‍ഥികളാണ്.

മന്ത്രിസഭ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ച ശേഷം, 60 ദിവസത്തിനകം പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇവ നിയമമായി പ്രാബല്യത്തില്‍ വരികയുള്ളൂ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടരുന്ന സര്‍ക്കാറാണ് മെലോണിയുടേത്.

എങ്കിലും, 2027-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, കൂടുതല്‍ തീവ്ര വലതുപക്ഷ നിലപാടുകളുള്ള ‘നാഷണല്‍ ഫ്യൂച്ചര്‍’ (എഫ്.എന്‍) പാര്‍ട്ടിയില്‍ നിന്ന് മെലോണിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി മുതല്‍ ജനപ്രീതി സര്‍വേകളില്‍ മുന്നേറുന്ന എഫ്.എന്‍ പാര്‍ട്ടി, കഴിഞ്ഞ ജൂലൈയില്‍ തന്നെ സ്‌കൂളുകളില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

ContentHighlight: Burqas and niqabs to be banned in schools; those who immigrate to build a future in the country must also learn the nation’s language: Meloni.