ന്യൂദല്‍ഹി: ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിവസമാണ് ഇതെന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നതായും സര്‍ജേവാല പറഞ്ഞു.

ലോയ കേസിലെ സുപ്രീംകോടതിയുടെ സമ്പൂര്‍ണ്ണ വിധിപകര്‍പ്പിനായി കാത്തിരിക്കുകയാണ്. കൃത്യമായ കാരണങ്ങളില്ലാതെയാണ് കോടതി ഹരജികള്‍ തള്ളിയെങ്കില്‍ അത് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനുസിങ്‌വി പറഞ്ഞു.

അതേ സമയം കോടതിവിധിക്കെതിരെ മുംബൈ ലോയേഴ്‌സ് അസോസിയേഷന്‍ ഹരജി നല്‍കും.


Read more: ആര്‍.എസ്.എസിന് നേരെ വന്നാല്‍ പള്ളിയില്‍ കയറി വെട്ടും ഞങ്ങള്‍; പ്രകോപനപരമായ ‘മുദ്രാവാക്യ’വുമായി കാസറഗോഡ് ആര്‍.എസ്.എസിന്റെ പ്രകടനം


ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി ആണ് സുപ്രീം കോടതി തള്ളിയത്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹരജിക്കാരന്‍ ശ്രമിച്ചെന്നും ഗൂഢലക്ഷ്യത്തോടെയുള്ള ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ല. ഹരജിക്കാരന്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.