വിന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് (സെപ്റ്റംബര്‍ 30) ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ പരമ്പരയിലെ രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാനാകും. അതേസമയം പരമ്പര വിജയിക്കാന്‍ എന്തുവില നില്‍കിയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കാനാണ് വിന്‍ഡീസ് കച്ച മുറുക്കുന്നത്.
പരമ്പര നോടിയാല്‍ 24 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടുകയാണ് വെസ്റ്റ് ഇന്‍ഡീസിന് സാധിക്കുക. 2002 നവംബറിലാണ് വെസ്റ്റ് ഇന്‍ഡീസ് അവസാനമായി ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര നേടിയത്. അന്ന് കാള്‍ ഹൂപ്പറായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍. ക്രിസ് ഗെയില്‍, റാംനരേഷ് സര്‍വാന്‍, മര്‍ലന്‍ സാമുവല്‍സ് തുടങ്ങിയ താരങ്ങളടങ്ങിയ സംഘമാണ് ഏഴ് മത്സര പരമ്പര 4-3ന് സ്വന്തമാക്കിയത്.
അതിന് ശേഷം ഒരിക്കല്‍ പോലും ഇന്ത്യയോട് ഏകദിന പരമ്പര സ്വന്തമാക്കാന്‍ കരീബിയന്‍ പടയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ വിജയം നേടി ഡൊമിനേഷന്‍ തുടരാനാണ് ഇന്ത്യയുടെയും ലക്ഷ്യം.
അതേസമയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.
അതേസമയം 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്‌സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്. മാത്രമല്ല ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ 10ാം സെഞ്ച്വറിയും വിരാടിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്സ്വാള്‍, നമന്‍ ധീര്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്
ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്‌ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്
Content Highlight: To end India’s 24-year dominance, the West Indies must win both ODI matches against India
