ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.
ഗോട്ട് ഡിബേറ്റില്‍ പല താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. റൊണാള്‍ഡോയാണോ മെസിയാണോ മികച്ച താരമെന്നതിന് ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റൊണാള്‍ഡോയെ മറികടന്നുകൊണ്ട്
മെസിയെയാണ് എക്കാലത്തെയും മികച്ച താരമായി മുള്ളര്‍ തെരഞ്ഞെടുത്തത്.
‘എന്റെ അഭിപ്രായത്തില്‍ ലയണല്‍ മെസിയാണ് ഗോട്ട്. കാരണം അദ്ദേഹത്തിന്റെ പ്രകടനം ആളുകളെ സ്റ്റേഡിയത്തിലേക്ക് മത്സരം കാണാന്‍ കൊണ്ടെത്തിക്കുന്ന തരത്തിലാണ്. അദ്ദേഹത്തിന് അനായസം ഗോളുകള്‍ നേടാനും റെക്കോഡുകളും ട്രോഫികളും തന്റെ പേരിലാക്കാനും സാധിക്കും. ക്രിസ്റ്റ്യാനോയും ടൈറ്റിലുകളുടെയും സ്റ്റാറ്റ്‌സിന്റെയും കാര്യത്തില്‍ ശക്തനായ മത്സരാര്‍ത്ഥിയാണ്. എന്നാല്‍ കൂടുതല്‍ ഗംഭീരമായ പ്രകടനം മെസിയുടേതാണ്,’ മുള്ളര്‍ പറഞ്ഞു.
മെസി തന്റെ 39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ലോകകപ്പില്‍ മിന്നും പ്രകടനമായിരുന്നു അര്‍ജന്റീനക്കായി മെസി നടത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.
2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.
ക്ലബ്ബ് തലത്തിലും ഇതിഹാസ കരിയറാണ് മെസി പടുത്തുയര്‍ത്തിയത്. ബാഴ്‌സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. ബാഴ്സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്. 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്.
2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.
Content Highlight: Thomas Muller talks about Lionel Messi and Cristiano Ronaldo