ചരിത്രത്തിലാദ്യം! വമ്പൻ തിരിച്ചടിയിലേക്ക് അടിപതറി വീണ് മെസി
Football
ചരിത്രത്തിലാദ്യം! വമ്പൻ തിരിച്ചടിയിലേക്ക് അടിപതറി വീണ് മെസി
സുദേവ് എ
Thursday, 13th August 2026, 4:52 pm

ലീഗ്സ് കപ്പില്‍ നിന്നും കിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയിരിക്കുകയാണ് ഇന്റര്‍ മയാമി. എം.എക്സ് ടീം ക്ലബ്ബ് ലിയോണിനോട് പരാജയപ്പെട്ടതാണ് മയാമിയുടെ മടക്കം.

മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമി പരാജയം ഏറ്റുവാങ്ങിയത്. ഈ തോല്‍വിക്ക് പിന്നാലെ ഇന്റര്‍ മയാമി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.

മത്സരത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം കളത്തിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. പിതാവിന്റെ വിയോഗത്തിന് ശേഷം ആദ്യമായാണ് മെസി കളത്തിലേക്ക് മടങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് മെസി തന്റെ കരിയറില്‍ ഒരു ഒഫീഷ്യല്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുന്നത്. ഇതിന് മുമ്പ് കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും മെസി അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഇപ്പോള്‍ ഈ റെക്കോഡും അര്‍ജന്റൈന്‍ നായകന് നഷ്ടമായിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ഇന്റര്‍ മയാമി കളത്തിലിറങ്ങിയത്. മറുവശത്ത് ലിയോണ്‍ 4-1-4-1 എന്ന ശൈലിയിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തില്‍ മയാമിയാണ് ആദ്യം ലീഡ് നേടിയത്. ഇയാന്‍ ഫ്രേയുടെ അസിസ്റ്റില്‍ ഡാനിയല്‍ പിന്റര്‍ എതിരാളികളുടെ വലകുലുക്കി. ഇതോടെ ആദ്യ പകുതിയില്‍ ലീഡുമായി മയാമി ആധിപത്യം സ്വന്തമാക്കി.

50ാം മിനിട്ടില്‍ ഡാനിയല്‍ ആര്‍സിലയിലൂടെ ലിയോണ്‍ ഒപ്പമെത്തിയെങ്കിലും 54ാം മിനിട്ടില്‍ യാനിക് ബ്രൈറ്റ് വീണ്ടും മയാമിക്ക് ലീഡ് സമ്മാനിച്ചു.

എന്നാല്‍ 61ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി യുവാന്‍ പാബ്ലോ ലിയോണിനെ ഒപ്പമെത്തിച്ചതോടെ മത്സരം കൂടുതല്‍ ആവേശകരമായി. 83ാം മിനിട്ടില്‍ ആര്‍സിലയിലൂടെ ലീഡ് നേടിയ ലിയോണ്‍ മത്സരത്തിലെ വിജയം സ്വന്തമാക്കുകയും ചെയ്തു.

അതേസമയം എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫററന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 18 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.

 

Content Highlight: This is the first time in history that Messi has been eliminated from the group stage of an official tournament in his career

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.