ഇത് നാറ്റോയുടെ അവസാനമല്ല; യു.എസിന്റെ നാറ്റോ വിടുമെന്ന ഭീഷണിയെ വകവെയ്ക്കാതെ ജര്‍മനി
Iran US Conflict
ഇത് നാറ്റോയുടെ അവസാനമല്ല; യു.എസിന്റെ നാറ്റോ വിടുമെന്ന ഭീഷണിയെ വകവെയ്ക്കാതെ ജര്‍മനി
അനിത സി
Thursday, 2nd April 2026, 3:15 pm

ബെര്‍ലിന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാറ്റോ സഖ്യം വിടുമെന്ന ഭീഷണിയെ മാനിക്കാതെ ജര്‍മനി. ട്രംപിന്റെ ഭീഷണിയോട് ഇത് നാറ്റോയുടെ അവസാനമല്ല എന്ന് സര്‍ക്കാര്‍ വക്താവ് സ്റ്റെഫാന്‍ കൊര്‍ണേലിയസ് പറഞ്ഞു.

ജര്‍മനി നാറ്റോ സഖ്യത്തോട് പ്രതിജ്ഞാബദ്ധമായി തുടരുന്നുവെന്ന് കൊര്‍ണേലിയസ് പറഞ്ഞു. നാറ്റോ സൈനിക സഖ്യത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായങ്ങളെ കുറിച്ച് ബെര്‍ലിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസ് ഭീഷണി കാരണം നാറ്റോയ്ക്കുള്ളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ആശങ്കകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമെന്നും ജര്‍മനി നിലപാടെടുത്തു.

കൂടുതല്‍ വസ്തുനിഷ്ഠമായ ഒരു സംവാദത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. യു.എസിന്റെ പിന്മാറ്റം പോലുള്ള പ്രവൃത്തികള്‍ നാറ്റോയെ സഹായിക്കുകയല്ല ചെയ്യുകയെന്നും അദ്ദേഹം വിശദീകരച്ചു.

യു.എസ് ഇസ്രഈലുമായി ചേര്‍ന്ന് ഇറാനെ ആക്രമിക്കുന്നതിന് നാറ്റോ സഖ്യകക്ഷികള്‍ പിന്തുണ നല്‍കാത്തതിനെ തുടര്‍ന്നാണ് സഖ്യം വിടുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.

നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞദിവസം ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് നാറ്റോ സഖ്യത്തെ കടലാസ് പുലി എന്ന് വിമര്‍ശിച്ചിരുന്നു. ഇറാന്‍ ആക്രമണം അവസാനിക്കുമ്പോള്‍ നാറ്റോയിലുള്ള യു.എസ് അംഗത്വവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയുണ്ടാകുമോ എന്ന ചോദ്യത്തിന്, ആ വിഷയം പുനര്‍വിചിന്തനത്തിന് അപ്പുറമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

നാറ്റോ തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. അവര്‍ ഒരു കടലാസ് പുലിയാണെന്ന് തനിക്കറിയാമായിരുന്നു, പുടിനും അത് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ സഹായിക്കണമെന്ന് നാറ്റോ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോട് വിമുഖത കാണിച്ചതോടെയാണ് ട്രംപ് സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചത്.

Content Highlight: This is not the end of NATO; Germany defies US threat to leave NATO

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.