ടീമിനാണ് ഗോള്‍ നേടേണ്ടത്, അല്ലാതെ നിങ്ങള്‍ ഗോള്‍ നേടുന്നതല്ല പ്രധാനം; റൊണാള്‍ഡോയെ രൂക്ഷമായി വിമര്‍ശിച്ച് തിയറി ഹെന്റി
Football
ടീമിനാണ് ഗോള്‍ നേടേണ്ടത്, അല്ലാതെ നിങ്ങള്‍ ഗോള്‍ നേടുന്നതല്ല പ്രധാനം; റൊണാള്‍ഡോയെ രൂക്ഷമായി വിമര്‍ശിച്ച് തിയറി ഹെന്റി
ശ്രീരാഗ് പാറക്കല്‍
Thursday, 18th June 2026, 6:57 pm

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് കോംഗോയ്‌ക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ച് മുന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഹെന്റി. ടീമിനാണ് ഗോള്‍ നേടേണ്ടതെന്നും അല്ലാതെ റൊണാള്‍ഡോ ഗോള്‍ നേടുന്നതല്ല പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് സ്‌പോര്‍ട്‌സിലെ പോസ്റ്റ് മാച്ച് അനാലിസിസില്‍ സംസാരിക്കുകയായിരുന്നു തിയറി.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: fan/x.com

‘ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ടീമിനാണ് ഗോള്‍ നേടേണ്ടത്, അല്ലാതെ നിങ്ങള്‍ ഗോള്‍ നേടുന്നതല്ല പ്രധാനം. റൊണാള്‍ഡോ ബോക്‌സിനുള്ളില്‍ ഓടിക്കളിച്ചിരുന്നെങ്കില്‍ ഡിഫന്റര്‍മാരെ സമ്മര്‍ദത്തിലാക്കാമായിരുന്നു. എന്നാല്‍ ഗോള്‍ നേടാനുള്ള ആഗ്രഹം കൊണ്ടാണ് റൊണാള്‍ഡോ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ലൈനിലേക്ക് നീങ്ങിയത്.

അദ്ദേഹം ഗോള്‍മുഖത്തേക്ക് ഓടിയിരുന്നെങ്കില്‍ പ്രതിരോധ താരം അദ്ദേഹത്തെ പിന്തുടരേണ്ടിവരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് വളരെ എളുപ്പത്തില്‍ ഗോള്‍ നേടാനുള്ള അവസരം ലഭിക്കുമായിരുന്നു.

പക്ഷേ, ഗോള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കട്ട്ബാക്ക് വരുന്ന ഭാഗത്തേക്ക് നീങ്ങിയത്. അതോടെ ഡി.ആര്‍ കോംഗോയുടെ പ്രതിരോധ താരങ്ങളുടെ ജോലി കൂടുതല്‍ എളുപ്പമായി,’ ഹാരി പറഞ്ഞു.

2026 ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഡി.ആര്‍ കോംഗോയ്ക്ക് എതിരായ മത്സരത്തില്‍ വിജയം കൊതിച്ചെത്തിയ പറങ്കിപ്പടയ്ക്ക് സമനില വഴങ്ങേണ്ടി വന്നു.

പോര്‍ച്ചുഗലും ഡി.ആര്‍. കോംഗോയും ഓരോ ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. തുടക്കത്തില്‍ തന്നെ ലീഡെടുത്തതിന് ശേഷമാണ് റോണോയുടെ സംഘം സമനില വഴങ്ങിയത്. പോര്‍ച്ചുഗലിനായി ജാവോ നെവസും ഡി.ആര്‍ കോംഗോയ്ക്ക് വേണ്ടി യൊവാന്‍ വിസയുമാണ് ഗോള്‍ നേടിയത്.

ആദ്യ മത്സരത്തിലെ സമനിലക്കൊപ്പം തന്നെ നിരാശ നല്‍കുന്നതാണ് റോണോയുടെ ആദ്യ മത്സരത്തിലെ പ്രകടനം. ആറാം ലോകകപ്പിനിറങ്ങിയ താരം തീര്‍ത്തും നിറം മങ്ങിയിരുന്നു. ആഫ്രിക്കന്‍ ടീമിനെതിരെ മുഴുവന്‍ സമയവും കളത്തിലുണ്ടായിട്ടും താരത്തിന് പന്തില്‍ വെറും 25 ടച്ചുകള്‍ മാത്രമാണ് നടത്താന്‍ സാധിച്ചത്. വെറും മൂന്ന് ഷോട്ടുകളാണ് താരം ഉതിര്‍ത്തത്.

Content Highlight: Thierry Henry has criticized Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ