[]തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസില്‍ വിധേയനായ ##ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്ക് ജനതാദള്‍ എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകാന്‍ സാധ്യത. []

ഇന്ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റയിലിനോട് സ്ഥാനമൊഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. എന്നാല്‍ പ്രസ്തുത യോഗത്തില്‍ തെറ്റയില്‍ പങ്കെടുക്കില്ല.

തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വം ഒന്നടങ്കം തീരുമാനിച്ചത്. ലൈംഗിക ആരോപണം ഉയര്‍ന്ന വന്നപ്പോള്‍ ഇതുവരെ ഒരു എം.എല്‍.എയും സ്ഥാനം രാജിവെച്ചിരുന്നില്ല എന്ന കീഴ് വഴക്കമാണ് പാര്‍ട്ടിയും സ്വീകരിച്ചത്.

ആരോപണ വിധേയരായവര്‍ മന്ത്രിസ്ഥാനം രാജിവെച്ചു എന്നല്ലാതെ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നില്ല.

അതേസമയം ആരോപണം നേരിടുന്ന സാഹചര്യത്തില്‍ തെറ്റയില്‍ പാര്‍ട്ടിയുടെ ഉന്നതമായ പദവിയില്‍ നിന്ന് തത്ക്കാലം വിട്ടുനില്‍ക്കുന്നതാണ് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് നല്ലതെന്നും നേതാക്കള്‍ പറയുന്നു.

തെറ്റയിലിനെതിരെ ആരോപിച്ച കുറ്റം തെറ്റാണെന്ന് തെളിയിച്ചാല്‍ അദ്ദേഹത്തെ വീണ്ടും പദവിയിലേക്ക് പരിഗണിക്കാമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

തെറ്റയില്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് തത്ക്കാലം മാറി നില്‍ക്കുന്നതാണ് ഗുണകരമെന്നാണ് മിക്ക നേതാക്കളുടേയും അഭിപ്രായം.

എന്നാല്‍ സംസ്ഥാന ഭാരവാഹികളായ കെ എസ് പ്രദീപ് കുമാര്‍, പി എം ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തെറ്റയില്‍ പദവി ഉപേക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായത്തിലായിരുന്നു.

തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്.

എന്നാല്‍ സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും തെറ്റയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ പോലും ബന്ധപ്പട്ടിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. ഈ നടപടിയില്‍ പാര്‍ട്ടിയിലെ ചിലര്‍ക്കെങ്കിലും അമര്‍ഷമുണ്ടെന്നാണ് അറിയുന്നത്.

തെറ്റയിലിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ജനതാദള്‍ സംസ്ഥാന കമ്മിറ്റി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.