മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നു; തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്
Malayalam Cinema
മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നു; തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്
അജ്മല്‍ കെ
Thursday, 27th August 2026, 9:48 pm

മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ക്ലാസിക് വീണ്ടും തിയേറ്ററുകളിലേക്ക്. മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K Dolby Atmos പതിപ്പിൽ റീ-റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റീ-റിലീസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഈ സെപ്റ്റംബറിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

1994ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ കാലം പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളിലൊന്നാണ്. മാണിക്യനായി മോഹൻലാലും കാർത്തുമ്പിയായി ശോഭനയും എത്തിയ ചിത്രത്തിലെ പ്രണയവും നർമവും ഗ്രാമീണ പശ്ചാത്തലവും ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നവയാണ്.

തേന്മാവിൻ കൊമ്പത്ത്. Photo: IMDb

പുതിയ സാങ്കേതിക മികവോടെയാണ് ഇത്തവണ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് ചിത്രം 4K നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ശബ്ദത്തിനും സംഗീതത്തിനും പുതുമ നൽകുന്നതിനൊപ്പം Dolby Atmos സാങ്കേതികവിദ്യയിലും മിക്സ് ചെയ്തിട്ടുണ്ട്. പഴയ സിനിമയുടെ ദൃശ്യ-ശബ്ദ അനുഭവം ഇന്നത്തെ തിയേറ്റർ സാങ്കേതികവിദ്യയിൽ പ്രേക്ഷകർക്ക് നൽകുക എന്നതാണ് റീ റിലീസിന്റെ ലക്ഷ്യം.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി. ലളിത, കുതിരവട്ടം പപ്പു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മാണിക്യനും കാർത്തുമ്പിയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ മലയാള സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളായി മാറുകയും ചെയ്തു.

ചിത്രത്തിന്റെ സംഗീതവും ‘തേന്മാവിൻ കൊമ്പത്തി’ന്റെ ജനപ്രീതിയിൽ നിർണായകമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകർന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികളുടെ ആഘോഷങ്ങളിലും ഓർമകളിലും ഇടംപിടിച്ചവയാണ്.

ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതും ചിത്രത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ബേണി ഇഗ്നേഷ്യസിന് ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

തേന്മാവിൻ കൊമ്പത്ത്. Photo: Screengrab/ Youtube.com

മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പ്രേക്ഷകമനസ്സിൽ പുതുമ നഷ്ടപ്പെടാത്ത സിനിമയെ പുതിയ തലമുറയ്ക്കും ബിഗ് സ്‌ക്രീനിൽ പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ചിത്രം ആദ്യമായി തിയേറ്ററുകളിൽ കണ്ട പ്രേക്ഷകർക്ക് തങ്ങളുടെ പഴയ സിനിമാനുഭവം പുതിയ സാങ്കേതിക മികവിൽ വീണ്ടും ആസ്വദിക്കാനുള്ള അവസരവുമാകും ഈ റീ റിലീസ്.

Content Highlight: ‘Thenmavin Kombathu’ to Re-Release in Theatres

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.