യുവരാജും ഡിവില്ലിയേഴ്‌സും അടക്കമുള്ള ഇതിഹാസങ്ങള്‍ വീണ്ടും കളത്തിലേക്ക്; ഇനി കളി മാറും!
Cricket
യുവരാജും ഡിവില്ലിയേഴ്‌സും അടക്കമുള്ള ഇതിഹാസങ്ങള്‍ വീണ്ടും കളത്തിലേക്ക്; ഇനി കളി മാറും!
സുദേവ് എ
Monday, 17th August 2026, 10:17 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സിന്റെ മൂന്നാം സീസണ്‍ ഒരുങ്ങുന്നു. 2026 ഒക്ടോബര്‍ മൂന്ന് മുതല്‍ 18 വരെയാണ് ഇതിഹാസങ്ങളുടെ പോരാട്ടം നടക്കുന്നത്.

യുവരാജ് സിങ്, ഡെയ്ന്‍ ബ്രാവോ, എ.ബി ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍, ഷാഹിദ് അഫ്രീദി, മോയിന്‍ അലി തുടങ്ങിയ ഇതിഹാസതാരങ്ങളുടെ കളത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ടൂര്‍ണമെന്റിനെ കൂടുതല്‍ സവിശേഷമാക്കുന്നത്.

ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, ഇംഗ്ലണ്ട് ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്, ബംഗ്ലാദേശ് ചാമ്പ്യന്‍സ് എന്നീ ടീമുകളാണ് ഇത്തവണ കിരീട പോരാട്ടത്തിനായി മറ്റുരക്കുന്നത്. ടൂര്‍ണമെന്റുകള്‍ നടക്കുന്ന വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യയായിരുന്നു കിരീടം നേടിയിരുന്നത്. പാകിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. രണ്ടാം സീസണില്‍ സൗത്ത് ആഫ്രിക്കയായിരുന്നു കിരീടം നേടിയത്. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സും പാക്കിസ്ഥാനെ വീഴ്ത്തിയായിരുന്നു കിരീടം സ്വന്തമാക്കിയത്.

ആദ്യ രണ്ട് സീസണുകളെക്കാള്‍ മൂന്നാം സീസണ്‍ ടൂര്‍ണമെന്റ് ഗംഭീരമായി നടത്താനാണ് സംഘാടകരുടെ തീരുമാനം. കൂടുതല്‍ ആരാധകര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാക്കാന്‍ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനില്‍ മുഴുവന്‍ ആഗോള പ്രേക്ഷകരുടെ എണ്ണം 425 ദശലക്ഷം കടന്നിട്ടുണ്ട്. ഇത്തവണയും ഈ വലിയ പിന്തുണ ലഭിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: The third season of the World Championship of Legends is underway

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.