സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നിതേഷ് തിവാരി അണിയിച്ചൊരുക്കുന്ന രാമായണ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണക്ക് അനൗണ്‍മെന്റ് മുതലേ വന്‍ ഹൈപ്പുണ്ട്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് തുടങ്ങി വന്‍താരനിര അണിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലൂടെ കടന്ന് പോകുന്ന ചിത്രത്തിന്റെ ഒാരോ അപ്‌ഡേറ്റും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു. ദംഗല്‍, ചിച്ചോരെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നിതേഷ് തിവാരി രാമായണത്തെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ലോകസിനിമയിലെ മുന്‍നിര സംഗീത സംവിധായകരായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതെന്ന പ്രത്യേകതയും രാമായണക്ക് ഉണ്ട്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വന്ന പുതിയൊരു അപ്‌ഡേറ്റാണ് സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ശ്രീരാമനായെത്തുന്ന രണ്‍ബീര്‍ കപൂറിന്റെ ലുക്ക് റിവീല്‍ ചെയ്ത് കൊണ്ടുള്ള ചിത്രത്തിന്റെ സെക്കന്‍ഡ് ഗ്ലിംപ്‌സ് ഏപ്രില്‍ 2ന് പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഉടനെ തന്നെ പുറത്തിറങ്ങുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ആ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് കൊണ്ട് ഹനുമാന്‍ ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ പുതിയ ഗ്ലിംപ്‌സ് പുറത്തിറക്കുമെന്നാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര അറിയിച്ചിരിക്കുന്നത്. എക്‌സിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണ ഇന്ത്യക്ക് പുറത്തും ഇതിനകം തന്നെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുക. ഇംഗ്ലീഷും സ്പാനിഷുമടക്കം 45 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.
രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോള്‍ രാവണനായി എത്തുന്നത് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യഷ് ആണ്. രവി ദുബെ ലക്ഷ്മണനായി വേഷമിടുമ്പോള്‍ ബോളിവുഡ് വെറ്റെറന്‍ സണ്ണി ഡിയോളാണ് ഹനുമാനായി എത്തുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, വിജയ് സോതുപതി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.
ഹോളിവുഡിലെ മുന്‍നിര വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡി.എന്‍.ഇ.ജിയാണ് രാമായണയുടെ വി.എഫ്.എക്സ് വര്‍ക്കുകള്‍ ചെയ്യുന്നത്. ബജറ്റിന്റെ 70 ശതമാനവും വി.എഫ്.എക്സിന് വേണ്ടിയാണ് നിര്‍മാതാക്കള്‍ ചെലവാക്കുന്നത്.
Content Highlight: The second glimpse of Ranbir Kapoor’s Ramayana movie will be released on April 2nd