മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നാളെ പുറത്ത് വിടാനൊരുങ്ങുകയാണ്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.
കണ്ണൂര്‍ സ്ക്വാഡ് എന്ന പേര് ഔദ്യോഗികമായി പുറത്ത് വന്നിരുന്നില്ലെങ്കിലും ഒരു അഭിമുഖത്തില്‍ വെച്ച് അറിയാതെ മമ്മൂട്ടി ചിത്രത്തിന്റെ പേര് പറഞ്ഞുപോവുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ പേര് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇനി നാളെ ടൈറ്റില്‍ പുറത്ത് വരുമ്പോള്‍ കണ്ണൂര്‍ സ്ക്വാഡ് തന്നെയാവുമോ അതോ പേര് മാറ്റുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കഴിഞ്ഞ വര്‍ഷം അവസാനം പാലയില്‍ വച്ച് പൂജയും സ്വിച്ച് ഓണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് പൂനെയിലേയ്ക്ക് വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രന്‍ഡിങ്ങില്‍ ആയിരുന്നു.
പൂനെ, പാല എന്നീ സ്ഥലങ്ങള്‍ കൂടാതെ കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം നടന് റോണി ഡേവിഡ് രാജ് സഹ തിരക്കഥാകൃത്താണ്.
#MammoottyKampany Production No.4 Title & First Look Releasing Tomorrow at 6 PM.@MKampanyOffl @DQsWayfarerFilm @Truthglobalofcl pic.twitter.com/MQQI6xE59G
— Mammootty (@mammukka) February 25, 2023
മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന് ശ്യാമും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറുമാണ്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയവയാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ നിര്‍മിച്ചതും മമ്മൂട്ടി കമ്പനിയാണ്.
ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബി.ഉണ്ണി കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്.
Content Highlight: The name and first look of the movie are going to be released on february
