മലയാള സിനിമക്ക് ഒട്ടേറെ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകനും കമ്പോസറുമാണ് ബേണി. സിനിമയിൽ ബേണി-ഇഗ്നേഷ്യസ് എന്ന കൂട്ടുകെട്ടിലാണ് അറിയപ്പെടുന്നത്. ‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയിലൂടെയാണ് ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു.
‘തേന്മാവിൻ കൊമ്പത്തി’ന്റെ ഓർമ്മകൾ ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തിൽ പങ്കു വയ്ക്കുകയായിരുന്നു ബേണി. ‘പ്രിയദർശനെ ട്യൂൺ കേൾപ്പിക്കുമ്പോൾ മോഹൻലാലും കൂടെയുണ്ടായിരുന്നു. അവർക്ക് ഇഷ്ടപ്പെടുമെന്നോ വലിയൊരു പാട്ടാവുമെന്നോ വിചാരിച്ചിട്ടല്ല ചെയ്തത്. ഇത്ര മനോഹരമായ വിഷ്വലിൽ പാട്ട് വന്നല്ലോയെന്നോർത്ത് ദൈവത്തോട് നന്ദി പറഞ്ഞു കരഞ്ഞു പോയി. ഞങ്ങളോട് പറഞ്ഞ വിഷ്വലല്ലായിരുന്നു സിനിമയിൽ പകരം പ്രതീക്ഷിക്കാത്തൊരു വിഷ്വലായിരുന്നു.’ ബേണി പറഞ്ഞു.

ബേണി.Photo.Screen Grab/Youtube.com
സിനിമയിലെ തന്നെ പാട്ടുകളായ ‘കറുത്ത പെണ്ണേ’,’മാനം തെളിഞ്ഞേ നിന്നാൽ’ എന്നീ രണ്ട് പാട്ടുകൾക്കും ഒരേ താളമായിരുന്നുവെന്നും റിഥം കൂടെ ചേർന്നപ്പോഴാണ് പാട്ടുകൾക്ക് വ്യത്യാസം വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം രണ്ട് താളമായിരുന്നുവെന്നും റെക്കോഡിങ് കഴിഞ്ഞതിനു ശേഷം സന്ദർഭവുമായ് യോജിക്കാത്തതുകൊണ്ടാണ് അത് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കള്ളിപ്പൂങ്കുയിലേ’ എന്ന പാട്ടിന്റെ ആദ്യത്തെ വരി അങ്ങനെയല്ലായിരുന്നുവെന്നും റെക്കോഡിങ് സമയത്ത് ഇഗ്നേഷ്യസിന്റെ അഭിപ്രായത്താലാണ് അത് മാറ്റിയതെന്നും ബേണി പറഞ്ഞു.
സിനിമയിലെ പാട്ടുകൾക്ക് മികച്ച സംഗീത സംവിധായകനുള്ള ആ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിന് കിട്ടിയിരുന്നു. ‘ആവണിപൊന്നൂഞ്ഞാൽ’,’കഥയിലെ രാജകുമാരനും’,’ആരു പറഞ്ഞു’ തുടങ്ങിയ ഹിറ്റു പാട്ടുകളെല്ലാം ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടുകളാണ്.
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘തേന്മാവിൻ കൊമ്പത്ത്’ ഒക്‌ടോബർ 8നു റീ-റിലീസ് ചെയ്തിരുന്നു. 4k ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തിയത്. 32 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച വരവേൽപ്പും പ്രതികരണങ്ങളുമാണ് സിനിമാപ്രേമികളിൽ നിന്നും ലഭിച്ചത്.
Content Highlight: The movie featured a different visual than the one we were told about; I was moved to tears and thanked God said Berny
