2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ്, ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ചെൽസി

ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ പേരും ചര്‍ച്ചയാവുകയാണ്. ചെല്‍സി പുറത്താക്കിയ നാല് പരിശീലകര്‍ ഇത്തവണത്തെ ലോകകപ്പില്‍ നാല് രാജ്യങ്ങളുടെ പരിശീലകരായി എത്തിയിരിക്കുകയാണ്.

ഒരുകാലത്ത് ചെല്‍സിയുടെ പരിശീലകരായിരുന്ന കാര്‍ലോ ആന്‍സലോട്ടി, ഗ്രഹാം പോട്ടര്‍, തോമസ് ട്യുഷേല്‍, മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരാണ് ഇത്തവണ വ്യത്യസ്ത ടീമുകള്‍ക്കൊപ്പം പരിശീലകനായി ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്.

കാര്‍ലോ ആന്‍സലോട്ടി

ഇറ്റാലിയന്‍ ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി 2009-2011 കാലയളവിലാണ് ചെല്‍സിയുടെ പരിശീലകനായിരുന്നത്. 2009 സീസണില്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങള്‍ ചെല്‍സിക്ക് നേടിക്കൊടുക്കാന്‍ ആന്‍സലോട്ടിക്ക് സാധിച്ചിരുന്നു. എന്നാല്‍ അരങ്ങേറ്റ സീസണിലെ പ്രകടനങ്ങള്‍ വരും വര്‍ഷങ്ങളില്‍ നിലനിര്‍ത്തുന്നതില്‍ ആന്‍സലോട്ടി പരാജയപ്പെടുകയായിരുന്നു.

കാര്‍ലോ ആന്‍സലോട്ടി

2011 സീസണില്‍ ചെല്‍സി പ്രിമീയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് ആന്‍സലോട്ടിയെ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. ഈ ലോകകപ്പില്‍ ബ്രസീലിന്റെ പരിശീലക കുപ്പായമണിഞ്ഞാണ് ആന്‍സലോട്ടി എത്തുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് ആന്‍സലോട്ടി. ചരിത്രത്തിലെ ആറാം കിരീടമാണ് കാര്‍ലോയുടെ കീഴില്‍ ബ്രസീല്‍ സ്വപ്നം കാണുന്നത്.

ഗ്രഹാം പോര്‍ട്ടര്‍

ചെല്‍സിയുടെ പരിശീലകനായി വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ച പരിശീലകനാണ് ഗ്രഹാം പോര്‍ട്ടര്‍. വെറും ഏഴ് മാസം മാത്രമാണ് പോര്‍ട്ടര്‍ ചെല്‍സിയുടെ പരിശീലക കുപ്പായമണിഞ്ഞത്. 2023 ഏപ്രിലിലാണ് ചെല്‍സി പോര്‍ട്ടറെ ഔദ്യോഗികമായി പുറത്താക്കിയത്.

ഗ്രഹാം പോര്‍ട്ടര്‍

സ്വന്തം തട്ടകത്തില്‍ ആസ്റ്റണ്‍ വില്ലയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് പോര്‍ട്ടര്‍ മടങ്ങിയത്. സ്വീഡന്റെ പരിശീലകനായാണ് പോര്‍ട്ടര്‍ ഇത്തവണ ലോകകപ്പിനെത്തുന്നത്. സ്വീഡിഷ് ടീമുമായി പോര്‍ട്ടറിന് 2030 വരെ കരാറുണ്ട്.

തോമസ് ട്യുഷേല്‍

ജര്‍മന്‍ പരിശീലകനായ തോമസ് ട്യുഷേല്‍ 2021 മുതല്‍ 2022 വരെയാണ് ചെല്‍സിയുടെ പരിശീലകനായത്. ഈ കാലയളവില്‍ ചെല്‍സിക്കായി ഒരുപിടി മികച്ച നേട്ടങ്ങള്‍ സമ്മാനിക്കാന്‍ ട്യുഷേലിന് സാധിച്ചിരുന്നു. ഫ്രാങ്ക് ലാംമ്പാര്‍ഡിന്റെ പകരക്കാരനായി എത്തിയ ട്യുഷേല്‍ 2021ല്‍ മൂന്ന് കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നീ ട്രോഫികളാണ് ബ്ലൂസിനൊപ്പം ട്യുഷേല്‍ നേടിയത്. ഇതില്‍ ഏറെ ശ്രദ്ധേയമായ നേട്ടം ചാമ്പ്യന്‍സ് ലീഗായിരുന്നു. 2012ന് ശേഷമായിരുന്നു ചെല്‍സി യൂറോപ്പിലെ ചാമ്പ്യന്മാരായത്. ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ട്യുഷേലിനെ ചെല്‍സി പുറത്താക്കുകയായിരുന്നു.

തോമസ് ട്യുഷേല്‍

ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായാണ് ട്യുഷേല്‍ എത്തുന്നത്. 1966ല്‍ ലോകകിരീടം ചോദ്യത്തിന് ശേഷം ഒരിക്കല്‍ പോലും ഇംഗ്ലണ്ടിന് ലോകകപ്പ് കൈപ്പിടിയിലാക്കാന്‍ സാധിച്ചിട്ടില്ല. നീണ്ട വര്‍ഷങ്ങളായുള്ള ഇംഗ്ലണ്ട് ആരാധകരുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് ട്യുഷേലിന്റെ കീഴില്‍ അവസാനിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

മൗറീഷ്യോ പോച്ചെറ്റിനോ

ചെല്‍സിക്കൊപ്പം ഒരു സീസണ്‍ മാത്രം പ്രവര്‍ത്തിച്ച പരിശീലകനാണ് മൗറീഷ്യോ പോച്ചെറ്റിനോ. 2024ലാണ് പോച്ചെറ്റിനോയെ ചെല്‍സി പുറത്താക്കുന്നത്. 2024 ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു പോച്ചെറ്റിനോയുടെ കീഴില്‍ ചെല്‍സി ഫിനിഷ് ചെയ്തത്.

മൗറീഷ്യോ പോച്ചെറ്റിനോ

ഈ ലോകകപ്പില്‍ സഹ ആതിഥേയ രാജ്യമായ യു.എസ് ടീമിന്റെ പരിശീലകനായാണ് പോച്ചെറ്റിനോ എത്തുന്നത്. രണ്ട് വര്‍ഷം മുമ്പാണ് പോച്ചെറ്റിനോ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

 

Content Highlight: The four coaches sacked by Chelsea are the coaches of four countries in the 2026 World Cup