ടെല്‍അവീവ്: വെസ്റ്റ്ബാങ്ക് മുഴുവന്‍ ഇസ്രഈലിന്റെതാണെന്ന അവകാശവാദവുമായി ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. താന്‍ പ്രതിരോധ മന്ത്രിയായാല്‍ ഫലസ്തീന്‍ അതോറിറ്റി പിരിച്ച് വിടുകയും ഫലസ്തീനികളെ മുഴുവന്‍ നാടുകടത്തുകയും ചെയ്യുമെന്ന് ബെന്‍ഗ്വിര്‍ പറഞ്ഞതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ വാര്‍ത്താമാധ്യമമായ ചാനല്‍ 14ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഫലസ്തീനികളില്‍ 60 ശതമാനത്തോളം ആളുകള്‍ അവിടെനിന്ന് കുടിയേറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബെന്‍ഗ്വിര്‍ അവകാശവാദമുന്നയിച്ചു.
താന്‍ പ്രതിരോധ മന്ത്രിയായാല്‍ ഇത്തരത്തില്‍ ഫലസ്തീനികളെ പുറത്താക്കുന്ന പ്രക്രിയയ്ക്കായി പ്രത്യേക സമയം മാറ്റിവെക്കുമെന്നും എല്ലാ ആഴ്ചയും യോഗം വിളിച്ച് ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരെ വെടിയുതിര്‍ക്കാനും ബലം പ്രയോഗിക്കാനും ഇസ്രഈല്‍ സൈനികര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.
1995ലെ ഓസ്‌ലോ കരാര്‍ പ്രകാരം വെസ്റ്റ് ബാങ്കിനെ എ, ബി, സി എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ടെങ്കിലും അവ തമ്മില്‍ തനിക്ക് യാതൊരു വ്യത്യാസവുമില്ലെന്നും ഈ ഭൂമി മുഴുവന്‍ ഇസ്രഈലിന്റേതാണെന്നും ബെന്‍ഗ്വിര്‍ അവകാശപ്പെട്ടു.
ഒക്ടോബര്‍ 27ന് ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇസ്രഈല്‍ മന്ത്രിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം. ഫലസ്തീനികളെ പുറത്താക്കുന്ന നയം നടപ്പിലാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് വേണ്ടത്ര താത്പര്യമില്ലെന്നും ബെന്‍ഗ്വിര്‍ കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രഈല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഫലസ്തീന്‍ ഭൂമിയാണ്. ബെന്‍ ഗ്വീറിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്
Content Highlight: The entire land belongs to Israel; if I become Defense Minister, I will drive out the Palestinians and grant the army full freedom to open fire: Itamar Ben-Gvir.
