മമ്മൂക്ക ആ ഷർട്ട് ഇടുമെന്നു പറഞ്ഞിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല; മമ്മൂട്ടിയുടെ വൈറൽ ഷർട്ടിന് പിന്നിലെ കഥ
Malayalam Cinema
മമ്മൂക്ക ആ ഷർട്ട് ഇടുമെന്നു പറഞ്ഞിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല; മമ്മൂട്ടിയുടെ വൈറൽ ഷർട്ടിന് പിന്നിലെ കഥ
നന്ദന എം.സി
Sunday, 8th February 2026, 9:24 pm

മലയാളികളുടെ അഭിമാനതാരവും മെഗാസ്റ്റാറുമായ മമ്മൂട്ടി എന്നും സ്റ്റൈലിന്റെ കാര്യത്തിൽ വേറിട്ട അടയാളമാണ്. അദ്ദേഹത്തിന്റെ ഡ്രെസ്സിങ്ങും ലുക്കുകളും പതിവായി ട്രെൻഡിങ്ങാകാറുമുണ്ട്. അടുത്തിടെ ‘ആശാൻ’ സിനിമയുടെ ഇവന്റിൽ മമ്മൂട്ടി ധരിച്ച ഒരു പ്രത്യേക ഷർട്ട് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആ വൈറൽ ഷർട്ടിന് പിന്നിലെ കഥയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

സൂ (Suee) എന്ന ഹാൻഡ്‌ലൂം ബ്രാൻഡാണ് മമ്മൂട്ടി ധരിച്ച ഷർട്ട് ഡിസൈൻ ചെയ്തത്. ബ്രാൻഡിന്റെ ഉടമകളായ ഹിബയും കൃഷ്ണയും ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ആ ഷർട്ട് ധരിക്കാനുണ്ടായ സാഹചര്യവും അവരുടെ അനുഭവങ്ങളും പങ്കുവെച്ചത്.

ജ്വാല ഇവന്റ്, Photo: YouTube/ Screengrab

മമ്മൂട്ടി മുമ്പ് ഷർട്ട് ഇടുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഇത്ര പെട്ടെന്ന് അദ്ദേഹം അത് ധരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹിബയും കൃഷ്ണയും പറയുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഷർട്ട് ധരിച്ച വിവരം അറിഞ്ഞതെന്നും, അതിന് പിന്നാലെ നിരവധി വീഡിയോകളും റീലുകളും വൈറലായതിൽ വലിയ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു.

‘മമ്മൂക്ക ഞങ്ങൾ ഡിസൈൻ ചെയ്ത വസ്ത്രം ഇടുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് ധരിച്ച് കണ്ടപ്പോൾ ശരിക്കും സർപ്രൈസ് ആയിരുന്നു. ഷർട്ട് ട്രെൻഡിങ്ങായതോടെയാണ് ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് മനസിലായത്. മലയാളികൾക്ക് ഇത്തരത്തിലുള്ള ഷർട്ട് ഇഷ്ടപ്പെടുമോ എന്നൊരു സംശയമുണ്ടായിരുന്നു. എന്നാൽ മമ്മൂക്ക അത് ധരിച്ചതോടെ സന്തോഷമായി,’ അവർ പറഞ്ഞു.

മതിലുകൾ, Photo: YouTube/ Screengrab

കൈരളിയുടെ ‘ജ്വാല’ എന്ന പരിപാടിയിൽ തങ്ങൾക്ക് അവാർഡ് ലഭിച്ച അവസരത്തിലാണ് സ്റ്റേജിൽ നിന്ന് ഷർട്ട് സമ്മാനിച്ചതെന്നും, അതിന് മുമ്പ് നൽകിയ മറ്റൊരു ഷർട്ട് അദ്ദേഹത്തിന് ധരിക്കാൻ സാധിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. ആ വേദിയിൽ വെച്ചാണ് ‘ഈ ഷർട്ട് എന്തായാലും ഇടും’ എന്ന് മമ്മൂട്ടി പറഞ്ഞത്. എന്നാൽ ഇത്ര വേഗത്തിൽ അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അവരുടെ വാക്കുകൾ.

മമ്മൂട്ടിയെ മനസ്സിൽ കണ്ടാണ് ആ ഷർട്ട് ഡിസൈൻ ചെയ്തതെന്നും, മതിലുകൾ എന്ന സിനിമയിൽ നിന്ന് ഇൻസ്പിരേഷൻ എടുത്താണ് ഡിസൈൻ തയ്യാറാക്കിയതെന്നും ഹിബയും കൃഷ്ണയും കൂട്ടിച്ചേർത്തു. മമ്മൂട്ടി ഷർട്ട് ധരിച്ചതിന് പിന്നാലെ ബ്രാൻഡിന് നിരവധി ഓർഡറുകളും കോളുകളും ലഭിക്കാൻ തുടങ്ങിയതായും അവർ പറഞ്ഞു.

Content Highlight: The designers behind Mammootty’s viral shirt

 

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.