സി.ജെ.പി പ്രതിഷേധം: അടിച്ചമര്‍ത്താന്‍ ദല്‍ഹി പൊലീസ്, പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്
national news
സി.ജെ.പി പ്രതിഷേധം: അടിച്ചമര്‍ത്താന്‍ ദല്‍ഹി പൊലീസ്, പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്
ആദർശ് എം.കെ.
Thursday, 23rd July 2026, 6:27 pm

 

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തുവെന്നാരോപിക്കുന്നവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ ദല്‍ഹി പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ദല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇവരെ തിരിച്ചറിയുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍, വീഡിയോ റെക്കോര്‍ഡിങ്ങുകള്‍, മറ്റ് സാങ്കേതിക തെളിവുകള്‍ എന്നിവ വിശദമായി പരിശോധിച്ചു വരികയാണ്.

ഇത്തരത്തില്‍ പൊലീസ് കണ്ടെത്തുന്ന വ്യക്തികള്‍ക്കെതിരെ നിലവിലുള്ള നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ദല്‍ഹിക്ക് പുറമെ ജൂലൈ 24, വെള്ളിയാഴ്ച, രാജ്യവ്യാപക സമരത്തിനും സി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

നീറ്റ് വിവാദത്തില്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുകയും ഉത്തരവാദപ്പെട്ടവര്‍ രാജിവെക്കുകയും ചെയ്യുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിനിധികളുടെയും സംയുക്ത നിലപാട്.

സമരം ആരംഭിച്ച് ഒന്നര മാസത്തിന് ശേഷം വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന പ്രശ്നത്തിന് പൂര്‍ണ പരിഹാരമല്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും സി.ജെ.പി പ്രതിനിധികള്‍ പ്രതികരിച്ചു.

 

Content highlight: The Delhi Police are moving to revoke the passports of individuals alleged to have directly participated in acts of violence during the CJP protests.

 

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.