‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയിലെ പല ചെറിയ രംഗങ്ങളും കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച അലക്സ്.
നേരത്തെ സിനിമയുടെ മറ്റൊരു വായനയില്‍ ആഷ്ലിയുടെ ഭാവിയെക്കുറിച്ച് ഏറ്റവുമധികം ആശങ്കപ്പെടുന്ന അമ്മാവനായി അലക്സിനെ ചിലര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മറ്റൊരു തലത്തിലാണ്. അലക്സ് അങ്കിളിനെ കണ്ടപ്പോള്‍ സ്വന്തം കുടുംബത്തിലെ ‘ചൊറിയന്‍’ ബന്ധുവിനെ ഓര്‍മ വന്നവരാണ് ഏറെയും.
നമ്മുടെയൊക്കെ കുടുംബത്തില്‍ തീര്‍ച്ചയായും കാണും അത്തരമൊരാള്‍. നമ്മുടെ കുറ്റങ്ങള്‍ മാത്രം ഭൂതക്കണ്ണാടി വെച്ച് നോക്കും. നമ്മള്‍ എന്ത് ചെയ്താലും അതിലെ തെറ്റ് കണ്ടെത്തും. പിന്നെ അതൊക്കെ കൃത്യമായി വീട്ടിലെത്തിച്ച് നമുക്ക് എട്ടിന്റെ പണി മേടിച്ചുതരുകയും ചെയ്യും. സ്വന്തം കാര്യം നോക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്ന ആ ‘ടിപ്പിക്കല്‍’ ബന്ധു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ അലക്സ് അതിന്റെ സിനിമാറ്റിക് വേര്‍ഷനാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വായന.

പിള്ളേര്‍ പ്ലാന്‍ ചെയ്ത ട്രിപ്പിലേക്ക് യാതൊരു നാണവുമില്ലാതെ ഇടിച്ചുകയറി വരുന്നത് മുതല്‍ അവര്‍ ചെയ്യുന്ന ഓരോ കാര്യത്തിലും കുറ്റം കണ്ടെത്തുകയും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു, എവിടെ പോകുന്നു, ആരുടെ കൂടെ പോകുന്നു, എന്താണ് ചെയ്യുന്നത് എന്നൊക്കെ നിരീക്ഷിച്ച് അതിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍.
അതുകൊണ്ടുതന്നെ അലക്സിന്റെ ഇടപെടലുകള്‍ പ്രേക്ഷകരെ ഒരേസമയം ദേഷ്യം പിടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഥാപാത്രത്തെ കാണുമ്പോള്‍ ‘ഇങ്ങനെയൊരാള്‍ നമ്മുടെ ബന്ധത്തിലും ഇല്ലേ?’ എന്ന തോന്നലാണ് പ്രേക്ഷകരില്‍ ഉണ്ടാകുന്നത്.
അതേസമയം അലക്സിനെ വെറുമൊരു അമിത ഇടപെടലുള്ള അമ്മാവനായി കാണാനാകില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഷ്ലിയുടെ ഭാവിയെക്കുറിച്ചുള്ള അയാളുടെ ആശങ്കയ്ക്ക് പിന്നില്‍ സ്വന്തം കുടുംബത്തിലുണ്ടായ ചില അനുഭവങ്ങളുണ്ടെന്നും, അവള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അലക്സെന്നുമായിരുന്നു മറ്റൊരു വായന.
ചെറിയ വീട്ടില്‍ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ബാങ്ക് ഉദ്യോഗസ്ഥനായാണ് അലക്സ് ജീവിതത്തില്‍ മുന്നേറിയത്. വിദ്യാഭ്യാസത്തിലൂടെ സ്വന്തം ജീവിതം മാറ്റിയെടുത്തതിന്റെ വില അയാള്‍ക്ക് അറിയാം. അതേസമയം സ്വന്തം ചേച്ചിയുടെ ജീവിതത്തില്‍ മദ്യപാനിയായ ഒരാള്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളും അയാള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചേച്ചിയുടെ മകളായ ആഷ്ലിയോട് അയാള്‍ക്കുള്ള കരുതലും സാധാരണ അമ്മാവന്റെ കരുതലിനേക്കാള്‍ വലുതാണ്.

ആഷ്‌ലിയെ ചെറുപ്പം മുതല്‍ എടുത്തുകൊണ്ടും കൊഞ്ചിച്ചും വളര്‍ത്തിയ അലക്സ്, ‘അവള്‍ എന്റെ മോളാണ്’ എന്ന് ജസ്റ്റിനോട് പറയുന്നുണ്ട്. ആഷ്ലി പ്രണയത്തിലാകുമ്പോള്‍ അയാളുടെ ആശങ്കയ്ക്ക് പിന്നില്‍ ഈ പശ്ചാത്തലവും കാണാം. അവള്‍ പഠനം പൂര്‍ത്തിയാക്കി സ്വന്തം കാലില്‍ നില്‍ക്കണം എന്ന ചിന്തയിലാണ് അയാള്‍ അവളെ അയര്‍ലന്‍ഡിലേക്ക് പഠിക്കാന്‍ അയക്കുന്നത് എന്നൊരു വായനയും സിനിമ മുന്നോട്ടുവെക്കുന്നുണ്ട്.
പക്ഷേ ഇതൊക്കെ മനസിലാക്കുമ്പോഴും അലക്സിന്റെ ‘ചൊറിയന്‍’ സ്വഭാവം പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. ആഷ്ലിയുടെ കാര്യത്തില്‍ കരുതലുള്ളയാളാണെങ്കിലും, മറ്റുള്ളവരുടെ കാര്യത്തില്‍ ആവശ്യമില്ലാതെ കയറി ഇടപെടുന്ന അലക്സിനെ പ്രേക്ഷകര്‍ ഒരര്‍ത്ഥത്തില്‍ വെറുക്കുന്നുണ്ട്.
അലക്സിന് സിനിമയില്‍ രണ്ട് കിട്ടുന്ന രംഗം വരുമ്പോള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നതും അതുകൊണ്ടുതന്നെയാണ്. അത്തരമൊരു ബന്ധുവിനോടുള്ള ദേഷ്യം അലക്സിന് കിട്ടുന്ന അടിയിലൂടെ സ്‌ക്രീനില്‍ തീരുമ്പോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന ആ സന്തോഷമാണ് ഈ കഥാപാത്രത്തെ ഇത്രയും റിലേറ്റബിളാക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ കുറിപ്പുകള്‍ പറയുന്നു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തിയേറ്ററില്‍ അലക്സിന് കിട്ടുന്ന ഓരോ അടിയും പ്രേക്ഷകരുടെ ജീവിതത്തിലെ ഏതോ ഒരു ‘അലക്സിന്’ നല്‍കുന്ന മറുപടിയാണ്.
അതുകൊണ്ടുതന്നെ അലക്സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരേ സമയം രണ്ട് രീതിയിലൂടെയാണ് പോകുന്നത്. ചിലര്‍ക്ക് അയാള്‍ ആഷ്ലിയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന അമ്മാവനാണ്. മറ്റുചിലര്‍ക്ക് സ്വന്തം വീട്ടിലെ കാര്യങ്ങള്‍ കൃത്യമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ആ ‘ചൊറിയന്‍’ ബന്ധുവും. ഒരുപക്ഷേ അതുകൊണ്ടുതന്നെയാകാം അലക്സ് പ്രേക്ഷകരില്‍ ഇത്ര ശക്തമായി വര്‍ക്ക് ആയതും.
Content Highlight: The cinematic version of that ‘annoying’ relative. Alex Character on Bethlahem
