‘മൊഞ്ചത്തികുട്ടി’യെ തെരഞ്ഞ് സോഷ്യൽ മീഡിയ; ഒ.ടി.ടി റിലീസിന് ശേഷം കയ്യടി നേടി അനിഷ
Malayalam Cinema
‘മൊഞ്ചത്തികുട്ടി’യെ തെരഞ്ഞ് സോഷ്യൽ മീഡിയ; ഒ.ടി.ടി റിലീസിന് ശേഷം കയ്യടി നേടി അനിഷ
നന്ദന എം.സി
Wednesday, 11th March 2026, 12:40 pm

വലിയ ഹൈപ്പോ പ്രമോഷനുകളൊന്നുമില്ലാതെ എത്തിയിട്ടും തീയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വിത്ത് ലവ്.

നവാഗതനായ മദൻ സംവിധാനം ചെയ്ത ചിത്രത്തിൽ അബിഷൻ ജീവിന്തും അനശ്വര രാജനുമാണ് പ്രധാന വേഷത്തിലെത്തിയയത്. സ്കൂൾ കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയയും പറയാതെ പോയ പ്രണയവും ഓർമിപ്പിച്ച സിനിമയായി ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തിൽ സത്യയായി അബിഷനും മോനിഷയായി അനശ്വരയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു കഥാപാത്രമാണ് അനിഷ. അനിഷയായി എത്തിയ കാവ്യ അനിലും ബാലാജിയായി എത്തിയ സച്ചിനും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

വിത്ത് ലവ്, Photo: X.com

ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് പിന്നാലെ അനിഷയായി എത്തിയ കാവ്യ അനിലിന്റെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാക്കൾക്കിടയിൽ പുതിയൊരു ‘ക്രഷ്’ ആയി കാവ്യ മാറിയെന്ന രീതിയിലാണ് ആരാധകർ പ്രതികരിക്കുന്നത്.

സത്യയുടെ സ്കൂൾ കാലത്തെ ക്രഷായ അനിഷ വളരെ സ്വാഭാവികമായ അഭിനയമാണ് കാഴ്ചവെച്ചതെന്നും ലാളിത്യവും സൗമ്യതയും നിറഞ്ഞ ഒരു മുസ്‌ലിം പെൺകുട്ടിയായി എത്തിയ അനിഷ സ്കൂൾ കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നതാണ് പലരുടെയും അഭിപ്രായം.

വിത്ത് ലവ്, Photo: X.com

കഥയിൽ അധികം സ്ക്രീൻ ടൈം ലഭിക്കാത്ത കഥാപാത്രമായിരുന്നാലും സത്യയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ആളാണ് അനിഷ. സത്യയും ദിനേശും പഠിച്ചിരുന്ന സ്കൂളിലെ സഹപാഠിയായ അനിഷയോട് സത്യയ്ക്ക് സ്കൂൾ കാലം മുതൽ തന്നെ വലിയ പ്രണയമുണ്ടായിരുന്നു.

അവളെ കാണാത്ത ദിവസങ്ങളിൽ പോലും സ്കൂളിലേക്ക് പോകാൻ പോലും താൽപര്യമില്ലാത്തത്ര അവളെ സ്നേഹിച്ചിരുന്നുവെന്നാണ് സിനിമയിൽ കാണിക്കുന്നത്.

എന്നാൽ തന്റെ പ്രണയം തുറന്നു പറയാനുള്ള ധൈര്യം സത്യയ്ക്ക് ഉണ്ടായിരുന്നില്ല. പിന്നീട് അനിഷയ്ക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്ന് അറിഞ്ഞപ്പോൾ സത്യയ്ക്ക് വലിയ മാനസിക വേദനയുണ്ടാകുന്നു. അതുകൊണ്ടുതന്നെ സത്യയുടെ ജീവിതത്തിലെ ആദ്യ പ്രണയവും അവന്റെ ഓർമകളിലെ പ്രധാനപ്പെട്ട ആളുമായാണ് അനിഷയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അതേസമയം, നായികയായ മോനിഷയുടെ പ്രണയവും സിനിമയിൽ ശ്രദ്ധേയമാണ്. സാധാരണ സിനിമകളിൽ കാണുന്ന ക്ലീഷേകൾക്ക് വിരുദ്ധമായി, പഠനത്തിൽ മുന്നിലുള്ള ‘പഠിപ്പിസ്റ്റ്’ പയ്യനോടാണ് മോനിഷയ്ക്ക് പ്രണയം തോന്നുന്നത്.

പരീക്ഷകളിൽ പരാജയപ്പെടുകയും ക്ലാസിൽ സ്ഥിരമായി പോകാതെയും ഇരിക്കുന്ന മോനിഷയുടെ ഈ പ്രണയം പലർക്കും പുതുമയുള്ള അനുഭവമായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.

എന്തായാലും ഒ.ടി.ടി റിലീസിന് പിന്നാലെ വിത്ത് ലവിൽ അനിഷയായി എത്തിയ കാവ്യ അനിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. അനിഷയായി കാവ്യ വളരെ ക്യൂട്ട് ആയിരുന്നു, കഥാപാത്രം ഒട്ടും ബോറടിപ്പിക്കാതെ ചെയ്തു എന്നിങ്ങനെ നിരവധി കമന്റുകളും ആരാധകർ പങ്കു വെക്കുന്നു.

Content Highlight: The character Anisha received applause after the OTT release of the movie With Love.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.