കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രം; യു.എസിന് വിപണി തുറന്ന് കൊടുക്കുന്നതിനുള്ള ആദ്യ പടിയാണോയെന്ന് മുഖ്യമന്ത്രി
Kerala
കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രം; യു.എസിന് വിപണി തുറന്ന് കൊടുക്കുന്നതിനുള്ള ആദ്യ പടിയാണോയെന്ന് മുഖ്യമന്ത്രി
നിഷാന. വി.വി
Sunday, 8th February 2026, 3:07 pm

തിരുവനന്തപുരം: നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നെല്ലുല്‍പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നുമാണ് കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി ഔദ്യോഗികമായിത്തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

‘കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളില്‍ ബോണസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് എന്തിനാണ് അസ്വസ്ഥത? കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്.

കോര്‍പ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം
എഴുതിത്തള്ളാന്‍ മടിക്കാത്തവരാണ് നെല്‍കര്‍ഷകന് നല്‍കുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നത്. ഉത്പാദന വര്‍ധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഇത് കര്‍ഷകരോട് മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്,’ പിണറായി വിജയന്‍ കുറിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കുന്നതിന്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായത്തില്‍ കേന്ദ്ര വിഹിതം യഥാസമയം നല്‍കാതെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The Centre wants Kerala to stop the additional incentive bonus given to paddy; Chief Minister says this is the first step towards opening the market to the US

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.