പാറ്റകള്‍ ഉറച്ച് തന്നെ; പ്രതിഷേധം ഇന്നും ശക്തം: പ്രധാന്‍ രാജിവെക്കാതെ ഞങ്ങള്‍ തിരിച്ച് പോവില്ല: സി.ജെ.പി
India
പാറ്റകള്‍ ഉറച്ച് തന്നെ; പ്രതിഷേധം ഇന്നും ശക്തം: പ്രധാന്‍ രാജിവെക്കാതെ ഞങ്ങള്‍ തിരിച്ച് പോവില്ല: സി.ജെ.പി
നിഷാന. വി.വി
Thursday, 23rd July 2026, 7:33 am

ന്യൂദല്‍ഹി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം കടുക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പി അറിയിച്ചു. പ്രതിപക്ഷവും ഈ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ജന്തര്‍മന്തറില്‍ ഇന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസ് നീക്കം.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ നിരാഹര സമരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് തന്റെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നലെ ചര്‍ച്ചയ്ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണം സി.ജെ.പി നിസരിച്ചിരുന്നു.
ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചര്‍ച്ചയ്ക്ക് പോകില്ലെന്നും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സമര വേദിയിലേക്ക് വരണമെന്നും സി.ജെ.പി പറഞ്ഞു.

‘ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചര്‍ച്ചയ്ക്ക് പോവില്ല. നിഷ്പക്ഷമായ വേദിയില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ. ജനങ്ങളുടെ കോടതി ഇവിടെയാണ്. മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് വരണം,’ സി.ജെ.പി നേതാവ് സൗരവ് ദാസ് പറഞ്ഞു.

കേന്ദ്ര മന്ത്രി ജെ.പി നദ്ദയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടത്താമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ അത് തങ്ങള്‍ നിരസിച്ചുവെന്നും ഇനി ആരുടെയും വീട്ടിലേക്ക് പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറുള്ളവര്‍ ജന്തര്‍ മന്തറിലേക്ക് വരട്ടെയെന്നും സൗരവ് ദാസ് കൂട്ടിച്ചേര്‍ത്തു.

‘പ്രതിഷേധ സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് സര്‍ക്കാരിന് ആശങ്കയെങ്കില്‍ സമീപത്തുള്ള നിഷ്പക്ഷമായ സ്ഥലത്ത് വെച്ച് കൂടിക്കാഴ്ച നടത്താന്‍ സി.ജെ.പി തയ്യാറാണ്. മാത്രമല്ല കേന്ദ്ര സര്‍ക്കാറിന് ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഉദ്ദേശം ഉണ്ടാവണം. അര്‍ത്ഥശൂന്യമായ ചര്‍ച്ചയ്ക്ക് ഞങ്ങളെ വിളിച്ചിട്ട് കാര്യമില്ല, സമയം വളരെ വിലപ്പെട്ടതാണ്. ആത്മാര്‍ത്ഥമായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണോ,’ സൗരവ് ദാസ് ചോദിച്ചു.

സി.ജെ.പിയുടെ സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ പുതിയ എഫ്.ഐ.ആറുകളോ ശിക്ഷാ നടപടികളോ ഉണ്ടാവില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോവ, മുബൈ, ജയ്പൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ജെ.പിയുടെ പ്രതിഷേധം വ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: The agitation remains firm; protests continue to be intense today: “We will not leave until Pradhan resigns” – CJP.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.