സ്‌പോര്‍ട്‌സ് ഷൂ ഇട്ടുകൊണ്ട് ഓപ്പറേഷന്‍ തിയേറ്ററില്‍, കൈയില്‍ സര്‍ജിക്കല്‍ ബ്ലേഡും കൂളിങ് ഗ്ലാസും... സൈക്കോ ഡോക്ടറായി രജിനി; തലൈവര്‍ 173 ടൈറ്റില്‍ പുറത്ത്
Indian Cinema
സ്‌പോര്‍ട്‌സ് ഷൂ ഇട്ടുകൊണ്ട് ഓപ്പറേഷന്‍ തിയേറ്ററില്‍, കൈയില്‍ സര്‍ജിക്കല്‍ ബ്ലേഡും കൂളിങ് ഗ്ലാസും... സൈക്കോ ഡോക്ടറായി രജിനി; തലൈവര്‍ 173 ടൈറ്റില്‍ പുറത്ത്
അമര്‍നാഥ് എം.
Wednesday, 24th June 2026, 11:10 am

അനൗണ്‍സ്‌മെന്റിന് അപ്പുറത്തേക്ക് യാതൊരു പുരോഗതിയും ലഭിക്കാത്ത പ്രൊജക്ടാണ് തലൈവര്‍ 173. രജിനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന പ്രൊജക്ട് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. ആദ്യ അനൗണ്‍സ്‌മെന്റ് മുതല്‍ ഇന്ന് വരെ ആറ് സംവിധായകരുടെ പേരാണ് ഉയര്‍ന്നുകേട്ടത്. ഇതില്‍ മൂന്ന് പേര്‍ പ്രൊജക്ട് ഏറ്റെടുത്ത ശേഷം പിന്മാറുകയായിരുന്നു.

ഏറ്റവുമൊടുവില്‍ ഈ പ്രൊജക്ടിന് ഒരു സംവിധായകനെ ലഭിച്ചിരിക്കുകയാണ്. വെറും രണ്ട് സിനിമകള്‍ കൊണ്ട് തമിഴില്‍ സ്വയം അടയാളപ്പെടുത്തിയ അശ്വത് മാരിമുത്തുവാണ് തലൈവര്‍ 173യുടെ അമരക്കാരന്‍. ചിത്രത്തിന്റെ ടൈറ്റിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ധര്‍മന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാവായ കമല്‍ ഹാസനാണ് പങ്കുവെച്ചത്.

ധര്‍മന്‍ Photo: Raajkamal Films International

ഡോക്ടറായാണ് രജിനികാന്ത് ധര്‍മനില്‍ വേഷമിടുന്നത്. ചന്ദ്രമുഖിക്ക് ശേഷം സൂപ്പര്‍സ്റ്റാറിന്റെ ഡോക്ടര്‍ വേഷമാണ് ധര്‍മനില്‍. ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്. ഓപ്പറേഷന്‍ തിയേറ്ററില്‍ സ്‌ക്രബ്‌സ് ധരിച്ച് കൈയില്‍ സര്‍ജിക്കല്‍ ബ്ലോഡുമായി വില്ലനെ അടിച്ചിടുന്ന നായകനാണ് പോസ്റ്ററിലുള്ളത്. രജിനി സ്‌റ്റൈലില്‍ മുഖത്ത് കൂളിങ് ഗ്ലാസും കാലില്‍ സ്‌പോര്‍ട്‌സ് ഷൂവുമൊക്കെയുണ്ട്.

ചിത്രത്തിന്റെ ഷൂട്ട് ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്ത് ഇല്ലാത്ത പോര്‍ഷനുകളാകും ആദ്യം ചിത്രകീരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലര്‍ 2ന്റെ പാച്ച്‌വര്‍ക്കുകള്‍ക്ക് ശേഷമേ രജിനി ധര്‍മനില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2027 പൊങ്കലിന് തലൈവര്‍ 173 തിയേറ്റിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ സംവിധായകര്‍ മാറി മാറി വന്നതോടെ ചിത്രം വൈകി. പുതിയ റിലീസ് തിയതി പോസ്റ്ററില്‍ നല്‍കിയിട്ടില്ല. 2027 സമ്മര്‍ റിലീസാകാനാണ് സാധ്യതകള്‍. രജിനിയെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചുള്ള സീന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ജയിലര്‍ 2ന് ശേഷം രജിനി ചെയ്യുമെന്നറിയിച്ച തലൈവര്‍ 173 ആദ്യം സംവിധാനം ചെയ്യാനിരുന്നത് ലോകേഷായിരുന്നു. എന്നാല്‍ ലോകേഷ് പറഞ്ഞ ആക്ഷന്‍ കഥ ഇരുവര്‍ക്കും സ്വീകാര്യമായില്ല. ചെറിയ ഫാമിലി എന്റര്‍ടൈനറിനാണ് ഇരുവരും പ്രാധാന്യം നല്‍കിയത്. പിന്നീട് സുന്ദര്‍ സി, സിബി ചക്രവര്‍ത്തി എന്നിവരെ വെച്ച് പ്രൊജക്ട് അനൗണ്‍സ് ചെയ്‌തെങ്കിലും നടക്കാതെ പോയി. രാംകുമാര്‍ ബാലകൃഷ്ണന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേര് ഉയര്‍ന്നു കേട്ടെങ്കിലും ഏറ്റവുമൊടുവില്‍ നറുക്ക് വീണത് അശ്വതിനാണ്.

Content Highlight: Thalaivar 173 titled as Dharman directed by Aswath Marimuthu

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം