സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറവെ, ഒരു പെണ്‍കുട്ടിയെ ശകാരിച്ചു വിട്ട സമസ്ത പണ്ഡിതന്‍ കൂടി മനോഹരമായ ഈ ദൃശ്യം കാണണം. ശിഹാബ് തങ്ങളുടെ പോരിശയാണ് ഫസീല പാടുന്നത്.
തട്ടമിട്ട ഫസീലയുടെ പാട്ട് തൊപ്പിയിടാതെ മുനവ്വറലി തങ്ങള്‍ സുസ്‌മേരവദനനായി ആസ്വദിച്ചു കേള്‍ക്കുമ്പോള്‍, അത് കാലികമായ ചില സന്ദേശങ്ങള്‍ സമുദായത്തിനും പണ്ഡിതന്മാര്‍ക്കും നിശബ്ദമായി കൈമാറുന്നുണ്ട്.
എന്റെ നിരീക്ഷണങ്ങള്‍ മാത്രമാണിവ:
ഒന്ന്: ചില പണ്ഡിതന്മാര്‍ വെച്ചു പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കടുകട്ടിയായ യാഥാസ്ഥിതികത ഒരു സമുദായമെന്ന നിലയില്‍ ഇസ്‌ലാമിന് വലിയ ബാധ്യതയാണ്.
പെണ്‍കുട്ടികള്‍ പ്രകാശമാണ് എന്ന് ബഡായി പറഞ്ഞാല്‍ പോരാ, അവരുടെ സര്‍ഗാത്മക പ്രകാശനങ്ങളെ അംഗീകരിച്ചുകൊണ്ടു വേണം ഇനി വരും കാലം മുന്നോട്ടു പോകാന്‍. അപ്പത്തരങ്ങളെമ്പാടും ചുട്ട് പുതിയാപ്പിളയെ സല്‍ക്കരിക്കുന്ന അമ്മായിമാരെ കുറിച്ചുള്ള പാട്ടുകള്‍ ചിത്രീകരിച്ച ആ പഴയ കാലം കടന്നു പോവുകയാണ്.
ഷോപ്പിങ്ങ് മാളുകളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, എയര്‍പോര്‍ട്ടുകളില്‍, വിദൂരദേശങ്ങളില്‍, സമരവഴികളില്‍ ആത്മവിശ്വാസത്തോടെ മുസ്‌ലിം സ്ത്രീകള്‍ ചുവടുറപ്പോടെ മുന്നോട്ടു പോവുകയാണ്. അവരെ ഉള്‍ക്കൊണ്ടു കൂടിയേ സമുദായത്തിന് മുന്നോട്ടു പോകാനാവൂ.
രണ്ട്: ഒരു പെണ്‍കുട്ടി പാട്ടു പാടുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം, ഒരു തിരശ്ശീലയുടെ മറയുമില്ലാതെ കേട്ടിരിക്കുന്ന പാണക്കാട് മുനവ്വറലി തങ്ങള്‍, ഒരു നാവോത്ഥാനം കൊണ്ടു വരികയാണ്.
