deepika1 താന്‍ ഡിപ്രഷന്‍ രോഗത്തിനു അടിമയായിരുന്നെന്ന വെളിപ്പെടുത്തല്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നടത്തിയത് അടുത്തിടെയാണ്. കരിയറില്‍ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുന്ന സമയത്താണ് തന്നെ ഈ രോഗം ബാധിച്ചതെന്നും ദീപിക വ്യക്തമാക്കിയിരുന്നു. ഡിപ്രഷന്‍ എന്ന രോഗത്തെക്കുറിച്ച് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദീപിക പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും നിരവധിയാളുകള്‍ക്ക് പ്രയോജനകരമാണ്.

ഡിപ്രഷന്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ദൈനംദിന കാര്യങ്ങളിലുള്ള താല്‍പര്യക്കുറവും ഉത്സാഹക്കുറവും ഭാരനഷ്ടമോ ഭാരക്കൂടുതലോ, ഉറക്കക്കുറവോ, ഊര്‍ജ്ജമില്ലായ്മയോ ഒരു കാര്യത്തിലും ഏകാഗ്രതയില്ലായ്മയോ തോന്നും. ഇതിനു പുറമേ ആത്മഹത്യയെക്കുറിച്ചും മരണത്തെക്കുറിച്ചും ഇടയ്ക്കിടെ ചിന്തിക്കുകയും ചെയ്യുമെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നത്.

ഇരുളടഞ്ഞ, കണ്ണെത്താ ദൂരത്തുള്ള ഒരു കുഴിയിലേക്കു വീണതുപോലെയാണ് ഡിപ്രഷന്‍ രോഗികള്‍ക്ക് തോന്നുകയെന്നാണ് ഈ രോഗത്തില്‍ നിന്നും മോചിക്കപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഡിപ്രഷനില്‍ നിന്നും എളുപ്പത്തില്‍ മോചനം സധ്യമല്ല. എന്നാല്‍ അതിനോട് യുദ്ധം ചെയ്യാനൊരുങ്ങിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയിക്കാനാവും. ഡിപ്രഷന്‍ എന്ന രോഗത്തോട് പൊരുതി ജയിച്ചവരുടെ അനുഭവങ്ങളില്‍ നിന്നും അവര്‍ കണ്ടെത്തിയ വഴികളെക്കുറിച്ച്…

1 നിങ്ങളുടെ വേദന തിരിച്ചറിയുക:

പ്രശ്‌നത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ നിങ്ങള്‍ സ്വയം ഒരു കണ്ണാടിക്കുമുമ്പില്‍ നിന്ന് ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കണം. ഈ പ്രശ്‌നം നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അതില്‍ നിന്നും കരകയറാനുള്ള പ്രേരണ നിങ്ങള്‍ക്കുണ്ടാവും. ഉത്തരത്തിലെത്താനുള്ള പ്രേരണ നിങ്ങള്‍ക്കുണ്ടാവുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സഹായം തേടും.

depression12 സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ സത്യസന്ധരാവുക:

നിങ്ങളുടെ വേദനകളെ മൂടിവെയ്ക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. അത് പ്രശ്‌നം ഗുരുതരമാക്കുകയേ ഉള്ളൂ. പ്രശ്‌നമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ സ്വയം സംസാരിക്കുക, പിന്നീട് നിങ്ങളുമായി ഏറ്റവും അടുപ്പമുള്ളയാളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുക. സഹായം തേടുക. ചികിത്സ തേടുക. നിങ്ങളോടു തന്നെ കള്ളം പറയാതിരിക്കുക.

3 കരകയറാനുള്ള വഴി കണ്ടെത്തുക:

ഡിപ്രഷന്‍ ബാധിച്ചാല്‍ നിങ്ങള്‍ കൂള്‍ ആയിരിക്കാന്‍ മറക്കും. നിങ്ങളിലെ സര്‍ഗാത്മകതയെയും മറക്കും. മുമ്പ് നിങ്ങള്‍ എന്തായിരുന്നെന്ന് തിരിച്ചറിയുക. മറന്നുപോയ മുമ്പത്തെ കഴിവുകള്‍ വീണ്ടെടുക്കുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് എഴുത്ത് ഇഷ്ടമാണെങ്കില്‍ ഒരു ബ്ലോഗിലൂടെ നിങ്ങള്‍ക്ക് തുടങ്ങാം.

4 നിത്യേനയുള്ള പ്രചോദനം:

പോസിറ്റീവായ ദൃഢപ്രതിജ്ഞകള്‍ നെഗറ്റീവായ ചിന്തകളില്‍ നിന്നും മോചനം നേടാന്‍ നിങ്ങളെ സഹായിക്കും. ഒരു കോച്ചിനെപ്പോലെ, രക്ഷിതാവിനെപ്പോലെ നിങ്ങള്‍ നിങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കണം.

5 പിന്തുണ കണ്ടെത്തുക:

ഡിപ്രഷന്‍ നേരിടുന്നവരുടെ ഒറ്റപ്പെടലാണ് പ്രധാന പ്രതിസന്ധി. ആരും തനിക്കടുത്തേക്ക് വരുന്നില്ലെന്ന് നിങ്ങള്‍ക്കു തോന്നും. നമുക്കൊപ്പം ആരെങ്കിലും ഉണ്ടെന്ന തോന്നല്‍ വളരെ ആശ്വാസമായിരിക്കും. നിങ്ങളുടെ കഴിവുകളെ അംഗീകരിക്കുന്ന, വിശ്വസനീയമാം വിധം പ്രശംസിക്കുന്ന ഒരാളെ കണ്ടെത്തുക.

6 സന്തോഷകരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുക:

ഡിപ്രഷന്‍ രോഗത്തില്‍ നിന്നും മോചനത്തിന്റെ പാതയിലേക്കു വരുമ്പോള്‍ മുമ്പ് നിങ്ങളെ സന്തോഷിപ്പിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സ്മരിക്കുക. ഇത് എളുപ്പം ആ രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.

7 ധ്യാനിക്കുക, വ്യായാമം ചെയ്യുക:

അമിത ജോലിഭാരമുള്ള നിങ്ങളുടെ മസിലുകളെ വ്യായാമം സാന്ത്വനപ്പെടുത്തും. അതുവഴി ചിന്തകളുടെ വേഗത കുറയ്ക്കുകയും റിലാക്‌സ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

8 ഡയറി സൂക്ഷിക്കുക:

ഡിപ്രഷനൊപ്പം ദേഷ്യം നിയന്ത്രിക്കാത്ത പ്രശ്‌നമുണ്ടെങ്കില്‍ ഒരു ഡയറി കയ്യില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ചിന്തകളെ ഇനംതിരിക്കാനും അതുവഴി അവയെ നിയന്ത്രിക്കാനും സാധിക്കും. നിങ്ങളുടെ ദേഷ്യത്തിന്റെ പ്രേരണ തിരിച്ചറിഞ്ഞാല്‍ അതിനെ മറികടക്കാനുള്ള വഴികള്‍ കണ്ടെത്താം.

9 ചെറിയ കാര്യങ്ങള്‍ കണ്ടെത്താം:

നിരവധി നിമിഷങ്ങള്‍ നിറഞ്ഞതാണ് ജീവിതം. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ നിന്നും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.

10 മറ്റുള്ളവരെ സഹായിക്കുക:

സഹായം ലഭിക്കുമെന്ന തോന്നലാണ്, അല്ലെങ്കില്‍ സഹായിക്കാന്‍ ആളുണ്ടെന്ന തോന്നലാണ് ഡിപ്രഷന്‍ രോഗികള്‍ക്ക് ആശ്വാസമാകുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ഡിപ്രഷനെ മറികടക്കാം.