അധ്യാപകരില്ല,പഠനം പ്രതിസന്ധിയിൽ;വിവിധ സംസ്ഥാനങ്ങളിൽ ജെൻ ആൽഫ പ്രതിഷേധം
India
അധ്യാപകരില്ല,പഠനം പ്രതിസന്ധിയിൽ;വിവിധ സംസ്ഥാനങ്ങളിൽ ജെൻ ആൽഫ പ്രതിഷേധം
ശ്രീലക്ഷ്മി പി.പി
Friday, 14th August 2026, 4:53 pm

ലക്നൗ: ലക്നൗ,അൽവാർ,ഗർവ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സർക്കാർ സ്കൂളുകളിലെ അധ്യാപക ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രതിഷേധ രംഗത്തിറങ്ങി. വിദ്യാഭ്യാസ നിലവാരത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഉത്തർപ്രദേശിലെ ലക്നൗവിൽ ബുദ്ധേശ്വർ ക്രോസിങ്ങിന് സമീപമുള്ള ജയ് നാരായൺ സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരുടെ കുറവ് മൂലം പഠനം തടസ്സപ്പെടുന്നതായി ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂൾ യൂണിഫോമിൽ എത്തിയ നിരവധി വിദ്യാർത്ഥികൾ മുദ്ര്യവാക്യം വിളികളുമായി റോഡിൽ ഇരുന്നു.

പ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മതിയായ അധ്യാപകർ ഇല്ലാത്തത് പരീക്ഷാ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച പ്രധാന പരാതി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഉത്തർപ്രദേശ് സാമൂഹ്യ ക്ഷേമ മന്ത്രി അസിം അരുൺ സ്ഥലത്തെത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. അവരുടെ ആശങ്കകൾ കേട്ട മന്ത്രി വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കാൻ ശ്രമിക്കുമെന്നും ഉറപ്പ് നൽകി. തുടർന്ന് വിദ്യാർത്ഥികളോട് സ്കൂളിലേക്ക് മടങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

ഇതിനിടെ രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ജോധ്വാസ് സർക്കാർ സ്കൂളിലും അധ്യാപക ഒഴിവുകളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി പ്രതിഷേധം നടന്നു. സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നു വീണ സംഭവത്തെ തുടർന്നാണ് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് സ്കൂൾ പൂട്ടി സമരത്തിലേർപ്പെട്ടത്.

174 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മൂന്ന് ക്ലാസ് മുറികൾ മാത്രമാണുള്ളതെന്നും മഴക്കാലത്ത് മേൽക്കൂര ചോരുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു.സമരത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ചകൾ നടത്തുകയും താൽക്കാലികമായി അധിക അധ്യാപകരെ നിയമിക്കുമെന്നും കെട്ടിടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നതതലത്തിൽ അറിയിക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു.

ജാർഖണ്ഡിലെ ഗർവ ജില്ലയിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ഒരു അധ്യാപകനെ സ്ഥലംമാറ്റിയതിനെതിരെയാണ് അവിടെയുള്ള വിദ്യാർത്ഥികൾ സമരം നടത്തുന്നത്. അധ്യാപക ലഭ്യതയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച ആശങ്കകളാണ് വിവിധ സംസ്ഥാനങ്ങളിലെ സമരങ്ങൾക്ക് പിന്നിലെ പൊതുവായ കാരണം.

ഇന്ത്യയിലുടനീളം വിദ്യാർത്ഥികൾ പ്രത്യേകിച്ച് ജെൻ ആൽഫ തലമുറ സജീവമായി അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച്
പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന സാഹചര്യമാണ്.

Content Highlight:Teacher Shortage Triggers Gen Alpha Protests Across States

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.