കാമുകനൊപ്പം ഭാര്യയെ പറഞ്ഞയക്കുന്ന ഭര്‍ത്താവ്, ഡ്യൂഡിന്റെ കഥ ഞാന്‍ ഇരുപത് വര്‍ഷം മുമ്പ് എഴുതിയതാണ്: പാര്‍ത്ഥിപന്‍
Indian Cinema
കാമുകനൊപ്പം ഭാര്യയെ പറഞ്ഞയക്കുന്ന ഭര്‍ത്താവ്, ഡ്യൂഡിന്റെ കഥ ഞാന്‍ ഇരുപത് വര്‍ഷം മുമ്പ് എഴുതിയതാണ്: പാര്‍ത്ഥിപന്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 12th February 2026, 10:15 am

സമീപകാലത്ത് സൗത്ത് ഇന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു കീര്‍ത്തീശ്വരന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ഡ്യൂഡ്. സായ് അഭ്യങ്കറിന്റെ സംഗീതത്തില്‍ റോം-കോം ഴോണറിലെത്തിയ ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമായിരുന്നു. ദുരഭിമാന കൊലയടക്കം ചര്‍ച്ച ചെയ്ത സിനിമ പക്ഷേ ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു.

പാര്‍ത്ഥിപന്‍. Photo: screen grab/wow thamizhaa/ youtube.com

ചിത്രത്തില്‍ മമിത അവതരിപ്പിച്ച കുരളരസ്സി വീട്ടുകാരില്‍ നിന്നും തന്റെ പ്രണയബന്ധം മറച്ചുവെച്ച് മുറച്ചെറുക്കനായ പ്രദീപ് രംഗനാഥന്റെ കഥാപാത്രമായ അഗനെ വിവാഹം കഴിക്കുന്നുണ്ട്. കുരളരസിയുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കുന്ന അഗന്‍ വിവാഹ ശേഷം തന്റെ ഭാര്യയെ കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കുന്നതും അവരുടെ കുട്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതടക്കമുള്ള രംഗങ്ങള്‍ക്കെതിരെയായിരുന്നു വലിയ രീതിയില്‍ പരിഹാസമുയര്‍ന്നത്.

ഭാര്യക്ക് ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടി സഹായം ചെയ്ത് കൊടുക്കുന്ന ഇതേ ആശയത്തില്‍, ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മറ്റൊരു കഥ എഴുതിയിട്ടുണ്ടെന്ന് പറയുന്ന തമിഴ് സിനിമാ നടനും സംവിധായകനുമായ പാര്‍ത്ഥിപന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വൗ തമിഴാ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പാര്‍ത്ഥിപന്‍ ഡ്യൂഡിനെ കുറിച്ച് പറഞ്ഞത്.

‘ഞാന്‍ എഴുതിയ കഥയില്‍ ഹീറോയും ഹീറോയിനും വിവാഹം കഴിച്ച് അവരുടെ ഗ്രാമം മൊത്തം അവരെ റെയില്‍വേ സ്‌റ്റേഷനിലെത്തി യാത്രയാക്കുന്നുണ്ട്. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ അവരുടെ അടുത്തേക്ക് പ്രശാന്തിനെ പോലെ ഒരു സ്മാര്‍ട്ട് ആയിട്ടുളള സെക്കന്‍ഡ് ഹീറോ കടന്നുവരുന്നു. ഹീറോയിന്‍ അയാളുമായി ഇതിനകം തന്നെ ഇഷ്ടത്തിലായിരിക്കും.

ഡ്യൂഡ്. Photo: Ott Play

അങ്ങനെ ഹീറോ ഇവര്‍ രണ്ടുപേരെയും ഒന്നിപ്പിച്ച് തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങും. ഇതായിരുന്നു ഞാന്‍ ആലോടിച്ച ഓപ്പണിങ്ങ് ഷോട്ട്. പിന്നെ കഥ ഫ്‌ളാഷ്ബാക്കിലേക്ക് പോയി എന്താണ് സംഭവിച്ചതെന്ന് പറയുന്ന രീതിയിലായിരുന്നു അന്ന് ആലോചിച്ചിരുന്നത്,’ പാര്‍ത്ഥിപന്‍ പറയുന്നു.

സംവിധായകനായി തമിഴില്‍ അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥന്റെ ഡ്യൂഡ് റിലീസായി ആറ് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം ടേിയിരുന്നു. നായകനായി അഭിനയിച്ച് മൂന്ന് ചിത്രങ്ങളും നൂറുകോടി ക്ലബ്ബില്‍ എത്തിച്ചെന്ന റെക്കോഡും പ്രദീപ് നേടിയിരുന്നു. ചിത്രത്തിലെ ഊരും ബ്ലഡ് സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്ന ഗാനമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

Content Highlight: Tamil Actor Parthibhan talks about pradeep Ranganathan’s dude

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.