സുര്യയും സുധാ കൊങ്കാരയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനും നസ്രിയയും വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ അനൗണ്‍സിങ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോയില്‍ ഇല്ലെങ്കിലും പുറനാനൂറ് എന്ന ടാഗ്‌ലൈന്‍ കാണിക്കുന്നുണ്ട്.

നേരത്തെ തന്നെ ചിത്രത്തെ പറ്റി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് സംഭവിച്ചത്. സൂര്യയുടെ 43ാമത് ചിത്രമാണ് ഇത്. സൂര്യയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്‍റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സൂരറൈ പോട്രിന് ശേഷം സുധയും സൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

എതര്‍ക്കും തുനിന്തവനാണ് ഒടുവില്‍ പുറത്ത് വന്ന സൂര്യയുടെ ചിത്രം. പാണ്ടിരാജാണ് ചിത്രം സംവിധാനം ചെയ്തത്. ലോകേഷ് കനകരാജ്-കമല്‍ ഹാസന്‍ ചിത്രം വിക്രം, മാധവന്‍ ചിത്രം റോക്കട്രിയിവും താരം ഗസ്റ്റ് അപ്പിയറന്‍സും നടത്തിയിരുന്നു.

കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. നാനി നായകനായ അണ്ടേ സുന്ദരാനികിയിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്. പി.ആര്‍.ഒ: ശബരി.

Content Highlight: Surya and Sudha Konkara’s new film together has been announced