കോസ്റ്റിയൂം ഡിസൈനറായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ നടനാണ് ഇന്ദ്രന്‍സ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രന്‍സ് ഇപ്പോള്‍ സിനിമാപ്രേമികളെ ഞെട്ടിക്കുകയാണ്. ക്യാരക്ടര്‍ റോളുകളിലൂടെ തിളങ്ങിയ ഇന്ദ്രന്‍സ് തമിഴിലും തന്റെ സാന്നിധ്യമറിക്കുന്നുണ്ട്.

സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പില്‍ ഇന്ദ്രന്‍സും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇന്ദ്രന്‍സിന്റെ അഭിനയത്തെ സൂര്യ വാനോളം പുകഴ്ത്തി.

സൂര്യ Photo: Screen grab/ Shreyas Media

വെറും നടനായി മാത്രം അദ്ദേഹത്തെ കാണാനാകില്ലെന്ന് സൂര്യ പറഞ്ഞു. ഡെഡിക്കേഷന്റെയും വളര്‍ച്ചയുടെയും ഒരു മാതൃകയായി ഇന്ദ്രന്‍സിനെ കണക്കാക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാതരം ഴോണറുകളും അനായാസമായി ചെയ്തുവെക്കുന്നയാളാണ് ഇന്ദ്രന്‍സെന്നും കോമഡിക്ക് പുറമെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.

‘ഇന്ദ്രന്‍സ്… എന്തൊരു നടനാണ് അദ്ദേഹം. സിനിമാജീവിതത്തെക്കാള്‍ അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ ലൈഫ് ഒരുപാട് ഇന്‍സ്പിറേഷന്‍ നല്‍കുന്നുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് നാലാം ക്ലാസുവരെയേ അദ്ദേഹത്തിന് പഠിക്കാനായുള്ളൂ. എന്നാല്‍ അടുത്തിടെ അദ്ദേഹം ഏഴാം ക്ലാസ് പരീക്ഷയെഴുതി പാസായി. ഇപ്പോള്‍ അടുത്ത പരീക്ഷക്കായി തയാറെടുക്കുകയാണ്.

ഇന്ദ്രന്‍സ് Photo: Reddit

അത്തരം ദൃഢനിശ്ചയം നമുക്ക് കാണിച്ചുതരുന്നത് പഠിക്കാനായി പ്രായം ഒരു പ്രശ്‌നമല്ലെന്നാണ്. ടാലന്റിന്റെ മാത്രം കാര്യമല്ല, സ്വയം ഇവോള്‍വ് ചെയ്യാനുള്ള അടങ്ങാത്ത ആവേശം, മുന്നോട്ട് കുതിക്കാനും വളരാനുമുള്ള ആര്‍ത്തി ഇതൊക്കെയാണ് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ഇത്തരം റിയല്‍ സ്‌റ്റോറികള്‍ ഞങ്ങളെ വല്ലാതെ ഇന്‍സ്പയര്‍ ചെയ്യും,’ സൂര്യ പറയുന്നു.

മൂക്കുത്തി അമ്മന് ശേഷം ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. തുടര്‍ പരാജയങ്ങള്‍ കാരണം ബോക്‌സ് ഓഫീസില്‍ തിരിച്ചടി നേരിടുന്ന സൂര്യക്ക് ഈ ചിത്രം വളരെ നിര്‍ണായകമാണ്.

മലയാളി താരങ്ങളുടെ വലിയ നിര തന്നെ കറുപ്പിലുണ്ട്. ഇന്ദ്രന്‍സിന് പുറമെ സ്വാസിക, ശിവദ, അനഘ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തൃഷയാണ് ചിത്രത്തിലെ നായിക. സായ് അഭ്യങ്കര്‍ ഈണമിട്ട ഗാനങ്ങളെല്ലാം ഇതിനോടകം ചാര്‍ട്ട്ബസ്റ്ററായി. വന്‍ ഹൈപ്പിലൊരുങ്ങുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Suriya praises Indrans during Karuppu audio launch

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ