കോമഡി റോളുകളിലൂടെ വന്ന് പിന്നീട് ക്യരക്ടര്‍ റോളുകളില്‍ തിളങ്ങിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴും പഴയ സുരാജ് എപ്പോള്‍ തിരിച്ച് വരും എന്ന ചോദ്യം അദ്ദേഹം നേരിടാറുണ്ട്. ആ ചോദ്യത്തോട് പ്രതികരിക്കുകയാണ് നടന്‍ സുരാജിപ്പോള്‍. പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒ.എല്‍.എകസ് ഒന്നുമല്ലല്ലോ എന്നാണ് ചിരിച്ച് കൊണ്ട് സുരാജ് ചോദിക്കുന്നത്. മദനോത്സവം എന്ന പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

മദനോത്സവം സിനിമയില്‍ താന്‍ അവതരിപ്പിക്കുന്ന മദനന്‍ എന്ന കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു ഹാസ്യ കഥാപാത്രം ചെയ്യാന്‍ താന്‍ ഒരുപാട് നാളായി ആഗ്രഹിച്ചിരിക്കുകയായിരുന്നു എന്നും ഈ സിനിമയിലൂടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടെന്നും സുരാജ് പറഞ്ഞു.

‘നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഞാനും കുറേനാളായി ആഗ്രഹിക്കുന്ന കാര്യമാണ് അഴിഞ്ഞാടിയുള്ള ഒരു ഹാസ്യ സിനിമ. ആ ആഗ്രഹം ഈ സിനിമയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരുപാട് ഷെയ്ഡുകളുള്ള ഒരു കഥാപാത്രമാണ് എന്റേത്. സിനിമയില്‍ ഞാന്‍ മാത്രമല്ല മദനന്‍ വേറെ ഒരു മദനന്‍ കൂടെയുണ്ട്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരുപാട് പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്.

എടുത്ത് പറയേണ്ടതാണ് സിനിമയില്‍ അമ്മായിയായി വരുന്ന കഥാപാത്രം പിന്നെ നായിക തുടങ്ങിയവരെയാണ്. ആളുകളൊക്കെ എന്നോട് ചോദിക്കാറുണ്ട് സുരാജിപ്പോള്‍ ഭയങ്കര സീരിയസാണല്ലോ എന്ന്. ശരിക്കും കോമഡി വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തത്. കിട്ടിയതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്ന സിനിമയാണിത്. അത് ഭംഗിയായി വന്നിട്ടുണ്ടെന്ന് കരുതുന്നു,’ സുരാജ് പറഞ്ഞു.

സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്യുന്നത്. സുരാജിന് പുറമെ രാജേഷ് മാധവന്‍, ബാബു ആന്റണി, ഭാമ അരുണ്‍, സ്വാതി ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 14ന് വിഷു റിലീസായിട്ടാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

content highlight: suraj venjaramoodu about his new comedy roll