vyapam

ന്യൂദല്‍ഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ ദുരൂഹ മരണങ്ങള്‍ ഉള്‍പ്പടെ  സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് കേസ് സി.ബി.ഐയെ ഏല്‍പിച്ചിരിക്കുന്നത്.  ആരോപണവിധേയനായ ഗവര്‍ണര്‍ രാം നരേഷ്  യാദവിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജയില്‍ ഗവര്‍ണര്‍ക്കും കേന്ദ്ര-സംസ്ഥാന  സര്‍ക്കാറുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന് നാലാഴ്ചക്കകം മറുപടി നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കാതിരുന്ന മധ്യപ്രദേശ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കൈകഴുകുന്ന നിലപാടാണ് കോടതിയുടേതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും തന്നെ മറച്ചു വെക്കാനില്ലെന്നും കോടതി സി.ബി.ഐ അന്വേഷണം ഉത്തരവിട്ടാല്‍ എതിര്‍പ്പില്ലെന്നും മധ്യപ്രദേശ് സര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌ത്തോഗി കോടതിയെ അറിയിച്ചു.

കേസ് അന്വേഷിക്കുന്ന സംസ്ഥാന ഏജന്‍സിയെ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആശിഷ് ചതുര്‍വേദി, ആനന്ദ് റായ്, പ്രശാന്ത് പാണ്ഡെ എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.