RM-LODHA

ന്യൂദല്‍ഹി:  ക്രിക്കറ്റ് ബോര്‍ഡിന്റെ ഘടനയില്‍ അഴിച്ചുപണി നിര്‍ദേശിക്കുന്ന ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്ന് സുപ്രീം കോടതി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബി.സി.സി.ഐക്ക് മറ്റൊരു അവസരം നല്‍കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബി.സി.സി.ഐയെ പരിഷ്‌കരിക്കുന്നതിനായി സുപ്രീംകോടതിയാണ് ലോധ കമ്മീഷനെ നിയോഗിച്ചിരുന്നത്. ജനുവരി 4നാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  പൊതുകാര്യങ്ങള്‍ നടത്തുന്ന ദേശീയ സ്ഥാപനമാണ് ബി.സി.സി.ഐയെന്നും ഇതിന്റെ ഭരണ സമിതിയില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്നടക്കമുള്ള നിര്‍ണായകമായ കാര്യങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്.

70 വയസിലധികം പ്രായമുള്ളയാളെ ബി.സി.സി.ഐ പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ണായക വിഷയങ്ങളില്‍ കളിക്കാരുടെ അഭിപ്രായം തേടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഐ.പി.എല്‍ ഒത്തുകളിയുടെ പശ്ചാത്തലത്തിലാണ് മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചിരുന്നത്. ജസ്റ്റിസ് ആര്‍.എം ലോധയെ കൂടാതെ റിട്ടയേര്‍ഡ് ജസ്റ്റിസുമാരായ അശോക് ഭന്‍, ആര്‍.വി രവീന്ദ്രന്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍