ക്ഷേത്ര ജീവനക്കാരുടെ വേതന വർദ്ധനവ്; ഹരജി തള്ളി സുപ്രീം കോടതി
India
ക്ഷേത്ര ജീവനക്കാരുടെ വേതന വർദ്ധനവ്; ഹരജി തള്ളി സുപ്രീം കോടതി
മുഹമ്മദ് നബീല്‍
Monday, 18th May 2026, 4:41 pm

ന്യൂദൽഹി: സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാർ, ശാന്തിമാർ, മറ്റ് ജീവനക്കാർ എന്നിവർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുനപരിശോധിക്കാനും വർധിപ്പിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.

ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം ഈ ഹരജി പരിഗണിക്കാൻ കഴിയില്ലെന്നും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പൂജാരിമാരും ക്ഷേത്രത്തിലെ ശാന്തിമാരും എത്രരൂപയാണ് വരുമാനമായി കൈപറ്റുന്നതെന്ന് ധാരണയില്ലാത്തതിനാൽ അവരുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഹരജിക്കാരനായ അഭിഭാഷകൻ അശ്വിനി ഉപാധ്യായയോട് സുപ്രീം കോടതി നിർദേശിച്ചു.

എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പൂജാരിമാർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി അവരുടെ ശമ്പളം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന അലഹബാദ് ഹൈക്കോടതിയുടെയും മറ്റ് ഹൈക്കോടതികളുടെയും വിധികൾ നിലവിലുണ്ടെന്ന് അശ്വിനി ഉപാധ്യായ ചൂണ്ടിക്കാണിച്ചു.

പക്ഷെ അഭിഭാഷകന്റെ വാദങ്ങൾ മുഖവിലക്കെടുക്കാത്ത സുപ്രീം കോടതി ഹരജി പരിഗണിച്ചില്ല. നിയമപ്രകാരമുള്ള മറ്റ് മാർഗ്ഗങ്ങൾ തേടാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഹരജി പിൻവലിക്കാൻ ഉപാധ്യായയ്ക്ക് അനുമതി നൽകി.

അഭിഭാഷകനായ അശ്വനി ദുബെ മുഖേന സമർപ്പിച്ച ഹർജിയിൽ, സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ജീവനക്കാർക്കും നൽകുന്ന പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും പുനപരിശോധിക്കുന്നതിനായി ഒരു ജുഡീഷ്യൽ കമ്മീഷനോ വിദഗ്‌ധ സമിതിയോ രൂപീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൂജാരിമാരും ക്ഷേത്ര ജീവനക്കാരും 2019 ലെ തൊഴിൽ നിയമത്തിന് കീഴിൽ സെക്ഷൻ 2(കെ) പ്രകാരമുള്ള ജീവനക്കാരാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ക്ഷേത്രങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു കഴിഞ്ഞാൽ, അവിടെ തൊഴിലുടമ – തൊഴിലാളി ബന്ധം ഉടലെടുക്കുന്നുണ്ടെന്നും പൂജാരിമാർക്കും ക്ഷേത്ര ജീവനക്കാർക്കും മാന്യമായ വേതനം നിഷേധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജാരിമാർക്കും ക്ഷേത്ര ജീവനക്കാർക്കും മാന്യമായി ജീവിക്കാനുള്ള ഏറ്റവും കുറഞ്ഞ വേതനം പോലും ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ഇടപെടലിന് പിന്നിലെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Supreme Court rejects plea seeking increase in temple employees’ wages

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം