ഉത്തർപ്രദേശിൽ നാലുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലചെയ്ത സംഭവത്തിൽ എസ്.ഐ.ടി രുപീകരിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി
India
ഉത്തർപ്രദേശിൽ നാലുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലചെയ്ത സംഭവത്തിൽ എസ്.ഐ.ടി രുപീകരിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി
മുഹമ്മദ് നബീല്‍
Friday, 24th April 2026, 3:32 pm

ന്യൂ ദൽഹി: കഴിഞ്ഞമാസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാലുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി.

നിലവിലെ അന്വേഷണത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനുള്ള അതൃപ്തി കണക്കിലെടുതാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദ്ദേശം നൽകിയത്.

കമ്മീഷണർ അല്ലെങ്കിൽ ഇൻസ്പെക്ടർ ജനറൽ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കണം എസ്.ഐ.ടിയുടെ തലവനെന്നും സംഘത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടണമെന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചു.

പരിക്കേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ച രണ്ട് സ്വകാര്യ ആശുപത്രികളുടെ പങ്കിനെക്കുറിച്ചും ഇരയുടെ മാതാപിതാക്കൾ ഉന്നയിച്ച എല്ലാ പരാതികളെക്കുറിച്ചും വിശദമായ പരിശോധന നടത്താനും കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

രണ്ടാഴ്ചക്കകം അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും എസ്.ഐ.ടിയോട് കോടതി ആവശ്യപെട്ടിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘമോ സി.ബി.ഐയോ കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിൽ ഇതിനോടകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.

നേരത്തെ ഏപ്രിൽ 13 ന് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും ഗാസിയാബാദ് പോലീസ് കാണിച്ച വിമുഖതയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Content Highlight: Supreme Court orders formation of SIT in Ghaziabad rape and murder case

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം