ന്യൂദല്‍ഹി: നവംബര്‍ ഒന്നിന് ഇന്ത്യ മുന്നണി എസ്.ഐ.ആറിനെതിരെ രാംലീല മൈതാനിയില്‍ നടത്താനിരിക്കുന്ന പ്രതിഷേധ റാലി മാറ്റിവെക്കണമെന്ന് ആ വശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ച് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി (സി.ടി.ഐ). നിലവില്‍ നിശ്ചയിച്ച തീയതിയില്‍ റാലി നടന്നാല്‍ ഉത്സവകാലത്തെ വ്യാപാര സീസണായതിനാല്‍ 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്ന് സി.ടി.ഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ കത്തില്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.

ദീപാവലി ഷോപ്പിങ് സീസണിന്റെ പ്രാധാന്യവും രാംലീല മൈതാനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രധാന മൊത്ത, ചില്ലറ വ്യാപാരകേന്ദ്രങ്ങളുടെ സാന്നിധ്യവും ഗോയല്‍ കത്തില്‍ എടുത്തുപറഞ്ഞു. ചാന്ദ്‌നി ചൗക്ക്, സദര്‍ ബസാര്‍ എന്നിവയുള്‍പ്പെടെയുള്ള വിപണികളാണ് ഗോയല്‍ ചൂണ്ടിക്കാട്ടിയത്. പഴയ ദല്‍ഹി, ന്യൂദല്‍ഹി റെയില്‍വേ സ്‌റ്റേഷനുകള്‍ പ്രതിഷേധവേദിക്ക് സമീപമാണെന്ന കാര്യവും വ്യാപാര സംഘടന ചൂണ്ടിക്കാട്ടി.

‘പ്രതിദിനം ലക്ഷക്കണക്കിന് വ്യാപാരികളും വാങ്ങുന്നവരും ഈ സ്‌റ്റേഷനുകളിലൂടെ യാത്ര ചെയ്യുന്നുണ്ട്. റാലിക്കിടെ റോഡുകള്‍ അടയ്ക്കുന്നതും അതുമൂലമുണ്ടാകുന്ന തിരക്കും ദല്‍ഹിക്ക് പുറത്തുനിന്ന് എത്തുന്നവര്‍ക്കും പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും,’ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ മാസം തുടര്‍ച്ചയായി നടന്ന റാലികളും മാര്‍ച്ചുകളും മൂലമുണ്ടായ വ്യാപാരനഷ്ടവും ഗോയല്‍ പരാമര്‍ശിച്ചു. ഉത്സവകാലത്ത് ദല്‍ഹിയില്‍ ആകെ 25,000 കോടി രൂപയുടെ വ്യാപാരം നടക്കുന്നതായും കഴിഞ്ഞ മാസം നടന്ന പ്രതിഷേധങ്ങളെയും തുടര്‍ന്നുണ്ടായ നിയന്ത്രണ നടപടികളെയും തുടര്‍ന്ന് വ്യാപാരികള്‍ക്ക് 3,000 കോടി രൂപവരെ നഷ്ടമുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.

പ്രതിഷേധങ്ങള്‍ തടയാന്‍ നടത്തുന്ന കനത്ത സുരക്ഷാവിന്യാസം മൂലം, കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതായി വ്യാപാരികള്‍ ഈ മാസം ആദ്യം തന്നെ ആശങ്ക അറിയിച്ചിരുന്നു. പ്രതിഷേധം നടത്തുന്നത് സി.ജെ.പിയുടെ അവകാശമാണെന്നത് പോലെ ഉപജീവനം നടത്തുന്നത് വ്യപാരികളുടെ അവകാശമാണെന്ന് ന്യൂദല്‍ഹി ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അതുല്‍ ഭാര്‍ഗവ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഈ ആശങ്കകളുമായി ബന്ധപ്പെട്ട ഹര്‍ജി ഒക്ടോബര്‍ 16ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും പ്രതിഷേധക്കാരുടെയും വ്യാപാരികളുടെയും അധികൃതരുടെയും താത്പര്യങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

ദല്‍ഹിയിലെ പ്രതിഷേധങ്ങള്‍ വ്യാപാരികളുടെയും ദിവസക്കൂലിക്കാരുടെയും ഉപജീവനമാര്‍ഗത്തെ ആനുപാതികമല്ലാത്ത വിധത്തില്‍ തടസ്സപ്പെടുത്തിയാല്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ഭരണഘടനാപരമായ ടോര്‍ട്ട് അധികാരം പ്രയോഗിക്കുമെന്ന് അന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Delhi traders urge Rahul Gandhi to postpone INDIA bloc’s anti-SIR rally, fear ₹10,000 crore loss.