'എന്തിനാണ് എല്ലാവരും ഇങ്ങോട്ട് വരുന്നത്'; നോയിഡ അക്രമക്കേസ്: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥിനിയോട് സുപ്രീം കോടതി
national news
'എന്തിനാണ് എല്ലാവരും ഇങ്ങോട്ട് വരുന്നത്'; നോയിഡ അക്രമക്കേസ്: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥിനിയോട് സുപ്രീം കോടതി
ആദര്‍ശ് എം.കെ.
Friday, 8th May 2026, 3:19 pm

 

ദല്‍ഹി: നോയിഡയില്‍ നടന്ന തൊഴിലാളി സമരത്തിനിടെയുണ്ടായ അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആകൃതി ചൗധരിയുടെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി.

ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

സുപ്രീം കോടതിയിലെ കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

‘എന്തുകൊണ്ടാണ് നിങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാത്തത്? ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഹരജിയുമായി എല്ലാവരും നേരിട്ട് സുപ്രീം കോടതിയിലേക്ക് വരികയാണ്. 93,000 കേസുകളാണ് നിലവില്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത്,’ കോടതി പറഞ്ഞു.

ഏപ്രില്‍ 13ന് നോയിഡയില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് വ്യവസായ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആകൃതി ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ദൗലത്ത് റാം കോളേജിലെ ചരിത്ര വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആകൃതി.

പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും കല്ലെറിയുകയും ചെയ്‌തെന്നാണ് പൊലീസിന്റെ ആരോപണം.

ആകൃതിയെ കൂടാതെ മനീഷ ചൗഹാന്‍, സൃഷ്ടി ഗുപ്ത തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റ് ചെയ്യാനുള്ള കാരണം പോലീസ് ബോധിപ്പിച്ചിട്ടില്ലെന്ന് ആകൃതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി കേശവ് ആനന്ദ് സമര്‍പ്പിച്ച ഹരജിയില്‍ പോലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

നേരത്തെ നോയിഡ കോടതി ആകൃതി ഉള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകളെ നിബന്ധനകളോടെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

 

Content Highlight:  Supreme Court directs Noida violence accused Student to approach High Court

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.