ഹൈദരാബാദിന്റെ ഡോമിനേഷനില്‍ വിറച്ച് പഞ്ചാബ് സിംഹങ്ങള്‍; സൂര്യോദയത്തില്‍ പിറന്നത് ചരിത്രം!
Cricket
ഹൈദരാബാദിന്റെ ഡോമിനേഷനില്‍ വിറച്ച് പഞ്ചാബ് സിംഹങ്ങള്‍; സൂര്യോദയത്തില്‍ പിറന്നത് ചരിത്രം!
ശ്രീരാഗ് പാറക്കല്‍
Thursday, 7th May 2026, 8:21 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വമ്പന്‍ വിജയമാണ് നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്.

ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

ഈ വിജയത്തോടെ ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമാകാനാണ് ഹൈദരാബാദിന് സാധിച്ചത്.

2010 മതുല്‍ 2014 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തുടര്‍ച്ചയായി പരാജയപ്പെടുത്തിയിരുന്നു. ഈ വിന്നിങ് സ്ട്രീക്ക് മറികടന്നാണ് ഹൈദരാബാദ് പഞ്ചാബിനെതിരെ ഡോമിനേഷനിലെത്തിയത്.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിക്കുന്ന ടീം

(ടീം, എതിരാളി, വിജയം, വേദി, വര്‍ഷം എന്ന ക്രമത്തില്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് VS പഞ്ചാബ് കിങ്‌സ് – 9 – രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം – 2015-26

ചെന്നൈ സൂപ്പര്‍ കിങ്‌സ് VS റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 8 – എം.എ. ചിദംബരം സ്‌റ്റേഡിയം – 2010-24

ചെന്നൈ സൂപ്പര്‍ കിങ്‌സ് VS ദല്‍ഹി ക്യാപ്പിറ്റല്‍സ് – 7 – എം.എ. ചിദംബരം സ്‌റ്റേഡിയം – 2011-23

മുംബൈ ഇന്ത്യന്‍സ് VS കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 7 – വാംഖഡെ – 2013-23

അതേസമയം മത്സരത്തില്‍ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കൂപ്പര്‍ കനോലിയായിരുന്നു. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

 

Content Highlight: Sunrisers Hyderabad In Great Record Achievement Against Panjab Kings

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ