ഒരു ശത്രു പോലുമില്ലെന്ന് പറയാന്‍ കഴിയുന്ന ക്രിക്കറ്ററാണ് അദ്ദേഹം: ഗവാസ്‌കര്‍
Cricket
ഒരു ശത്രു പോലുമില്ലെന്ന് പറയാന്‍ കഴിയുന്ന ക്രിക്കറ്ററാണ് അദ്ദേഹം: ഗവാസ്‌കര്‍
സുദേവ് എ
Wednesday, 5th August 2026, 1:04 pm

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനയെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റില്‍ ഒരു ശത്രു പോലുമില്ലെന്ന് പറയാന്‍ സാധിക്കുന്ന താരങ്ങളില്‍ ഒരാളാണ് രഹാനെയെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. തലയുയര്‍ത്തി തന്നെയാണ് രഹാനെ മടങ്ങുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘തല ഉയര്‍ത്തിയാണ് രഹാനെ കളി നിര്‍ത്തുന്നത്. ക്രിക്കറ്റില്‍ നിസ്വാര്‍ത്ഥമായി കളിച്ചതിന് ക്രിക്കറ്റ് പ്രേമികളുടെ ആത്മാര്‍ത്ഥമായ നന്ദിയും. ക്രിക്കറ്റില്‍ ഒരു ശത്രു പോലും ഉണ്ടായിരുന്നില്ലെന്ന് പറയാന്‍ പല താരങ്ങള്‍ക്കും സാധിക്കില്ല. എന്റെ അറിവിലും അനുഭവത്തിലും ഒരു ഡസനില്‍ താഴെ മാത്രമേ അത്തരത്തില്‍ താരങ്ങള്‍ ഉള്ളൂ. തന്റെ നല്ല സ്വഭാവം കൊണ്ട് അജിന്‍ക്യ രഹാനെക്ക് അവിടെ സ്ഥാനമുണ്ട്,’ സുനിള്‍ ഗവാസ്‌കര്‍ മിഡ് ഡേയിലെ തന്റെ കോളത്തില്‍ എഴുതി.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് അടുത്തിടെ വിരാമമിട്ടത്. ഇന്ത്യക്കായി ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്.

രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.

ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടി ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

 

Content Highlight: Sunil Gavasker praise Indian legend Ajinkya Rahane

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.