സിനിമയിലേക്ക് വരണമെന്ന് ആദ്യം പറഞ്ഞത് ഞാനാണ്; പ്രണവിന്റെയും വിസ്മയയുടെയും സിനിമാ പ്രവേശനത്തെക്കുറിച്ച് സുചിത്ര മോഹൻലാൽ
Malayalam Cinema
സിനിമയിലേക്ക് വരണമെന്ന് ആദ്യം പറഞ്ഞത് ഞാനാണ്; പ്രണവിന്റെയും വിസ്മയയുടെയും സിനിമാ പ്രവേശനത്തെക്കുറിച്ച് സുചിത്ര മോഹൻലാൽ
അജ്മല്‍ കെ
Sunday, 16th August 2026, 5:10 pm

പ്രണവ് മോഹൻലാലിന്റെയും വിസ്മയ മോഹൻലാലിന്റെയും സിനിമയിലേക്കുള്ള വരവ് രണ്ട് വ്യത്യസ്ത രീതികളിലായിരുന്നുവെന്ന് സുചിത്ര മോഹൻലാൽ. ഫിലോസഫി പഠിച്ച പ്രണവ് ഓസ്‌ട്രേലിയയിലെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതിന് ശേഷം ഇനി എന്ത് ചെയ്യണമെന്ന ചിന്തയിലായിരുന്നുവെന്ന് സുചിത്ര പറയുന്നു. സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് ആദ്യം നിർദേശിച്ചത് താനായിരുന്നുവെന്നും അവർ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര മോഹൻലാലിന്റെ പ്രതികരണം.

‘ജോലി തെരഞ്ഞെടുക്കേണ്ട സമയം വന്നപ്പോൾ സിനിമയെക്കുറിച്ച് ആലോചിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്. ആദ്യം താൽപര്യമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും, പെട്ടെന്നൊരു ദിവസം സിനിമയൊന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് അവൻ പറഞ്ഞു,’ സുചിത്ര പറഞ്ഞു.

സുചിത്ര. Photo: Screengrab/ Youtube

അഭിനയത്തിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായാണ് പ്രണവ് സിനിമയിലെത്തിയത്. ജീത്തു ജോസഫിന്റെ ‘പാപനാശം’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നീ സിനിമകളുടെ ഭാഗമായതോടെ സിനിമയുടെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെ അടുത്തറിയാൻ പ്രണവിന് സാധിച്ചു. ക്യാമറ, ചിത്രീകരണം, അഭിനയം, സോങ് റെക്കോർഡിങ്, കോസ്റ്റ്യൂംസ് തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷമാണ് അഭിനയിച്ചുനോക്കാമെന്ന തീരുമാനത്തിലേക്ക് പ്രണവ് എത്തിയതെന്നും സുചിത്ര വ്യക്തമാക്കി.

വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ ചെയ്യണമെന്ന നിർബന്ധം പ്രണവിനില്ലെന്നും സുചിത്ര പറയുന്നു. മ്യൂസിക് ആൽബങ്ങളും യാത്രകളും സിനിമകളുമൊക്കെയായി തന്റേതായ രീതിയിലാണ് പ്രണവ് മുന്നോട്ടുപോകുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, പ്രണവിൽ നിന്ന് വ്യത്യസ്തമായാണ് വിസ്മയ സിനിമ തെരഞ്ഞെടുത്തതെന്നും സുചിത്ര പറഞ്ഞു. അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ടാണ് മായ സിനിമയിലേക്ക് വന്നത്. ഇടവേളകളില്ലാതെ സിനിമ ചെയ്യണം, ഒരുപാട് കഥകൾ കേൾക്കണം എന്നൊക്കെയാണ് അവൾ പറയുന്നത്,’ സുചിത്ര കൂട്ടിചേർത്തു.

പ്രണവും വിസ്മയയും അഭിനയിക്കുന്ന സെറ്റുകളിൽ പോയപ്പോഴുണ്ടായ അനുഭവവും സുചിത്ര പങ്കുവച്ചു. ഇരുവരുടെയും അച്ചടക്കവും കൃത്യനിഷ്ഠയും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നാണ് സുചിത്രയുടെ വാക്കുകൾ.

സുചിത്ര.വിസ്മയ.മോഹൻലാൽ Photo: Screengrab/ Youtube

‘രാവിലെ ഒൻപതു മണിക്ക് എത്തണമെന്ന് പറഞ്ഞാൽ എട്ടരയ്ക്കുതന്നെ ഇവരെല്ലാം സെറ്റിൽ ഉണ്ടായിരിക്കും. അടുത്ത ദിവസത്തെ കാര്യങ്ങളെല്ലാം സെറ്റിലുള്ളവരിൽനിന്ന് മുൻകൂട്ടി ചോദിച്ചറിഞ്ഞ് അതിനായി ഒരുങ്ങുന്നത് ഞാൻ മാറിനിന്ന് കാണുകയായിരുന്നു,’ സുചിത്ര പറഞ്ഞു.

Content Highlight: Suchitra Mohanlal Opens up About Pranav and Vismaya’s Entry Into Cinema

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.