ഒരു സിനിമയുടെ കഥയും കഥാപാത്രങ്ങളും പോലെ തന്നെ പ്രധാനമാണ് അതിന്റെ ലൊക്കേഷനും. പ്രത്യേകിച്ച് ബെത്‌ലഹേം ഫാമിലി യൂണിറ്റ് പോലൊരു സിനിമയില്‍ കഥയുടെ ഭാഗമായിത്തന്നെ മാറുന്ന വീടുകള്‍ കണ്ടെത്തുക അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.
ആദ്യം വളരെ ചെറിയൊരു സിനിമയെന്ന നിലയില്‍ തുടങ്ങിയ ചിത്രത്തിനായി ഒടുവില്‍ നൂറുകണക്കിന് ലൊക്കേഷനുകളാണ് വേണ്ടിവന്നത്. അനുയോജ്യമായ വീടിനായി ഒരുപാട് അലയേണ്ടി വന്നെന്നും പ്രേമലുവിന് പോലും ഒരു ലൊക്കേഷനുവേണ്ടി ഇത്രയും അലഞ്ഞിട്ടില്ലെന്നും സംവിധായകന്‍ ഗിരീഷ് എ.ഡി പറയുന്നു.
വളരെ ചെറിയൊരു സിനിമ എന്ന നിലയിലാണ് ബെത്ലഹേം ഫാമിലി യൂണിറ്റ് തുടങ്ങുന്നതെന്നും, എന്നാല്‍ പ്രീപ്രൊഡക്ഷന്‍ ഘട്ടത്തിലെത്തിയപ്പോഴാണ് സിനിമയ്ക്കായി ആവശ്യമായ ലൊക്കേഷനുകളുടെ എണ്ണം ഇത്രയധികമാണെന്ന് മനസിലായതെന്നും ഗിരീഷ് എ.ഡി പറഞ്ഞു.
അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന വളരെ ചെറിയൊരു സിനിമ എന്ന രീതിയിലായിരുന്നു ആദ്യം ബെത്‌ലഹേം ഫാമിലി യൂണിറ്റിനെ കണ്ടത്. അധികം ഷിഫ്റ്റുകളൊന്നുമില്ല. ഏകദേശം 70 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നുമായിരുന്നു ആദ്യഘട്ടത്തിലെ കണക്കുകൂട്ടല്‍.
എന്നാല്‍ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചതോടെയാണ് കാര്യങ്ങള്‍ വിചാരിച്ചതിലും വലുതാണെന്ന് മനസിലായത്. സിനിമയില്‍ നൂറുകണക്കിന് ലൊക്കേഷനുകള്‍ ആവശ്യമായി വന്നു. അവയെല്ലാം അടുത്തടുത്താണെങ്കിലും പാട്ടുകള്‍ക്കും മറ്റ് രംഗങ്ങള്‍ക്കുമായി ഏകദേശം 20 ലൊക്കേഷനുകള്‍ തന്നെ ആവശ്യമായിരുന്നെന്നും ഗിരീഷ് പറയുന്നു.

ഇതില്‍ ഏറ്റവും വലിയ വെല്ലുവിളിയായത് സിനിമയിലെ പ്രധാനപ്പെട്ട വീടുകള്‍ കണ്ടെത്തുകയായിരുന്നു. രണ്ട് വീടുകളായിരുന്നു പ്രധാനമായും വേണ്ടിയിരുന്നത്. അതിലൊന്ന് കുറച്ചുകൂടി വലിയ വീടായിരിക്കണം. അങ്കമാലി മഞ്ഞപ്രയില്‍ അത്തരമൊരു വീട് കണ്ടെത്തുകയും ഷൂട്ടിങ്ങിനായി എല്ലാം ഒരുക്കുകയും ചെയ്തിരുന്നു.
‘മഞ്ഞപ്രയില്‍ നമുക്ക് നല്ലൊരു വീട് കിട്ടിയിരുന്നു. എല്ലാം സെറ്റ് ആക്കി. തൊട്ടടുത്തായി നല്ലൊരു ചാപ്പലുമുണ്ടായിരുന്നു. അവിടെ ഷൂട്ട് ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പിലുമെത്തി. എന്നാല്‍ പിന്നീട് ഉടമയുടെ ഭാഗത്തുനിന്ന് ചില പ്രശ്‌നങ്ങളും നിബന്ധനകളും വന്നു. പ്രായോഗികമായി അവിടെ ഷൂട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി,’ ഗിരീഷ് പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിന് ഒരു വീട് ലഭിച്ചാല്‍ അത് പൂര്‍ണമായും അണിയറപ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിരിക്കേണ്ടതുണ്ടെന്നും സംവിധായകന്‍ പറയുന്നു. ‘ഒരു പള്ളി ഷൂട്ട് ചെയ്യുന്നതുപോലെ ഒരു വീട്ടില്‍ ഷൂട്ട് ചെയ്യാന്‍ പറ്റില്ല. വീട് പൂര്‍ണമായും നമ്മുടെ കയ്യില്‍ വേണം. അതുകൊണ്ട് തന്നെ അത് വലിയ പ്രശ്‌നമായി,’ ഗിരീഷ് വ്യക്തമാക്കി.

ഇതിനിടെ ചാലക്കുടിക്ക് സമീപം പുത്തന്‍ചിറയില്‍ മറ്റൊരു വീട് കണ്ടെത്തി. എന്നാല്‍ നേരത്തെ മനസില്‍ ഉറപ്പിച്ചിരുന്ന മഞ്ഞപ്രയിലെ വീടിന്റെ രൂപം മാറാത്തതിനാല്‍ പുതിയ വീട് ആദ്യ കാഴ്ചയില്‍ അത്ര മികച്ചതായി തോന്നിയിരുന്നില്ലെന്നും ഗിരീഷ് പറയുന്നു.
ചിത്രത്തിലെ ജസ്റ്റിനും ആഷ്ലിയും തമ്മിലുള്ള രംഗങ്ങള്‍ എങ്ങനെയാണ് ചിത്രീകരിക്കേണ്ടതെന്നതിലും പുതിയ വീട് മാറ്റമുണ്ടാക്കി. ആദ്യം ഇരുവരും നേര്‍ക്കുനേര്‍ നോക്കുന്ന തരത്തിലായിരുന്നു രംഗങ്ങള്‍ മനസില്‍ കണ്ടിരുന്നത്. എന്നാല്‍ പുത്തന്‍ചിറയിലെ വീട്ടില്‍ കഥാപാത്രങ്ങളുടെ മുറികള്‍ മുകളിലും താഴെയുമായി മാറി.

‘ഇവിടെ ഫസ്റ്റ് ഫ്‌ലോറില്‍ അങ്ങനെയൊരു റൂമില്ല. മുകളിലാണ്. ആദ്യം ഇതൊരു പ്രശ്‌നമായി തോന്നി. പക്ഷേ അജ്മല്‍ പറഞ്ഞു, ഇത് രസമുണ്ട്, വേറൊരു സാധനമാകുമെന്ന്. ഇപ്പോള്‍ സിനിമ കാണുമ്പോള്‍ അതാണ് കൂടുതല്‍ നന്നായതെന്ന് തോന്നുന്നു. മറ്റേ വീടായിരുന്നെങ്കില്‍ അത് ഭയങ്കര ഫ്‌ലാറ്റായിപ്പോയേനെ,’ ഗിരീഷ് പറഞ്ഞു.
ഇതേപോലെ ഒരു നടനെ മനസില്‍ കണ്ടുകൊണ്ട് കഥാപാത്രത്തെ രൂപപ്പെടുത്തിയ ശേഷം ആ നടന്‍ മാറുന്നത് വലിയ വെല്ലുവിളിയാണെന്നും ഗിരീഷ് പറയുന്നു.
മറ്റൊരു നടന്‍ എത്തുമ്പോള്‍ കഥാപാത്രത്തിന്റെ സ്വഭാവത്തിലും അവതരണത്തിലും സ്വാഭാവികമായ മാറ്റങ്ങള്‍ വരും. പുതിയ നടന്‍ തന്റെതായ രീതികളും അഭിനയശൈലിയും കഥാപാത്രത്തിലേക്ക് കൊണ്ടുവരും. അതുപോലെ തന്നെയായിരുന്നു ലൊക്കേഷന്‍ മാറിയപ്പോഴും സംഭവിച്ചത്. പുത്തന്‍ചിറയിലെ വീട്ടില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്തിയതോടെ, മഞ്ഞപ്രയില്‍ തന്നെ ചിത്രീകരണം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ച ചില സാധ്യതകള്‍ നഷ്ടമായേനെയെന്ന് തോന്നിയെന്നും ഗിരീഷ് പറഞ്ഞു.
Content Highlight: Even for Premalu, I didn’t have to search this much for a location”; Girish A.D. on BKU
