വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തിൽ ഗുവാഹത്തിയിലെ പിച്ചിനെ വിമർശിച്ച് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ബാറ്റർമാർക്ക് അനുകൂലമായ വിക്കറ്റിലും ഫാസ്റ്റ് ഔട്ട്ഫീൽഡിലും ഇരുവശത്തുമുള്ള ബാറ്റർമാർക്ക് അനുകൂലമാണെങ്കിലും ഇത് ബൗളർമാരെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

രോഹിത് ശർമയും ശുഭ്മൻ ഗില്ലും
‘സത്യസന്ധമായി പറഞ്ഞാൽ, ബാറ്റും പന്തും തമ്മിൽ കുറച്ചുകൂടി തുല്യമായ പോരാട്ടം വേണമെന്നാണ് എന്റെ അഭിപ്രായം. നമ്മൾ സംസാരിക്കുന്നത് ക്രിക്കറ്റിനെക്കുറിച്ചാണല്ലോ, എന്നാൽ ഇത് ശരിക്കും ക്രിക്കറ്റല്ല, ബാറ്റിങ് മാത്രമാണ്. ഈ വിക്കറ്റിൽ ഒരു യുവ ബൗളർ പന്തെറിയുന്നത് സങ്കൽപ്പിച്ചു നോക്കൂ. എതിർ ടീം 400 റൺസ് അടിക്കുന്നു, നമ്മളത് പിന്തുടർന്ന് നേടുകയും ചെയ്യുന്നു.
റെക്കോഡുകളുടെ കാര്യത്തിലും കാണികൾക്കും ബ്രോഡ്കാസ്റ്റർമാർക്കും ഇത് വളരെ നല്ലതാണ്. എന്നാൽ ഒരു യഥാർത്ഥ ക്രിക്കറ്റ് പ്രേമിയെന്ന നിലയിലും പരിശീലകനെന്ന നിലയിലും എന്നോട് ചോദിച്ചാൽ ബൗളർമാരെയും നമ്മൾ പരിഗണിക്കണം. ഇത്തരമൊരു പിച്ചിൽ പന്തെറിയുന്നത് ബൗളർമാരോട് കാണിക്കുന്ന അനീതിയാണ്. അതിനാൽ ബൗളർമാർക്കും തിളങ്ങാൻ കഴിയുന്ന രീതിയിൽ അവർക്ക് അനുകൂലമായ എന്തെങ്കിലും സാഹചര്യം നമ്മൾ ഒരുക്കിക്കൊടുക്കണം,’ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ ആറ് ബൗളർമാരിൽ രണ്ടുപേർക്ക് മാത്രമേ ഏഴ് റൺസിൽ താഴെ ഇക്കണോമി റേറ്റുകൾ ലഭിച്ചുള്ളൂ. ഇന്ത്യയുടെ പേസ് ത്രയങ്ങളായ പ്രസിദ്ധ് കൃഷ്ണ, ആഖിബ് നബി, ഗുർണൂർ ബ്രാർ എന്നിവർ ഓരോ ഓവറിലും കുറഞ്ഞത് ഒമ്പത് റൺസ് വീതം വഴങ്ങി.

വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും
സെപ്റ്റംബർ 30 ബുധനാഴ്‌ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 406 റൺസിന്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും കരുത്തിൽ ഇന്ത്യ 39 പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
ക്യാപ്റ്റനായ ഗിൽ 133 പന്തിൽ നിന്ന് 223* റൺസ് അടിച്ചെടുക്കുകയിരുന്നു. രോഹിത് ശർമ 75 പന്തിൽ നിന്ന് 101 റൺസും നേടി. ഇരുവർക്കും പുറമെ വിരാട് കോഹ്‌ലിയും (19 പന്തിൽ നിന്ന് 29), ഋതുരാജ് ഗൈക്വത് (37 പന്തിൽ നിന്ന് 31*) മികച്ച സംഭാവനകൾ നൽകി. വിൻഡീസിനായി ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുതാണ് മികച്ച സ്‌കോറിലേക്ക് ടീമിനെ നയിച്ചത്.
കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടുമത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് . ഒക്‌ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlights: Indian team head coach Gautam Gambhir criticized the pitch in Guwahati following the second ODI against the West Indies.
