വിദ്യാര്‍ത്ഥി പ്രതിഷേധം:'ആക്രമണമല്ല പരിഹാരം' പൊലീസിനോട് സുപ്രീംകോടതി
Supreme Court
വിദ്യാര്‍ത്ഥി പ്രതിഷേധം:'ആക്രമണമല്ല പരിഹാരം' പൊലീസിനോട് സുപ്രീംകോടതി
അഞ്ജു ചന്ദ്രന്‍
Wednesday, 5th August 2026, 4:32 pm

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നതിന് പകരം സംവാദത്തിനും കൗണ്‍സിലിങ്ങിനും മുന്‍ഗണന നല്‍കണമെന്ന് സുപ്രീംകോടതി. യുവാക്കളെ കേള്‍ക്കുകയും പൊലീസ് സംയമനം പാലിക്കുകയും ചെയ്യുന്നതാണ് പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കോടതി പറഞ്ഞു.

ജൂലൈ 20-ന് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

പ്രതിഷേധത്തിനിടെ ചിലര്‍ കല്ലേറ് നടത്തിയതയും, എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ഒരേ രീതിയില്‍ കാണരുതെന്നും, പൊലീസ് അതീവ സംയമനത്തോടെ ഇടപെടണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

”ശക്തമായ രാഷ്ട്രത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണാത്മക നടപടി സ്ഥിതി കൂടുതല്‍ വഷളാക്കും. യുവാക്കളെ സമാധാനിപ്പിക്കുകയും അവരെ കേള്‍ക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്യുകയാണ് ശരിയായ മാര്‍ഗം,” എന്നും കോടതി അഭിപ്രായപ്പെട്ടു.

സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും നിയമ-സമാധാന പരിപാലനവും ഒരുപോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം യുവ പ്രതിഷേധക്കാരെ കേള്‍ക്കല്‍, കൗണ്‍സിലിംഗ് എന്നിവയാണ്.

അധികാരികളുടെ ആക്രമണാത്മക പ്രതികരണം സ്ഥിതികള്‍ കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തിയതായ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘സാഹചര്യം കൈവിട്ടു പോകാതിരിക്കാന്‍ പൊലീസ് വളരെയധികം സംയമനം പാലിക്കണം, യുവാക്കള്‍ അക്രമത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരെ ഉപദേശിക്കുകയും കേള്‍ക്കുകയും സമാധാനിപ്പിക്കുകയും ചെയ്യണം. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും കഴിയണം’, എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജന്തര്‍ മന്തറില്‍ ആഴ്ചകളോളം നീണ്ടുനിന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

Content Highlights: Student Protests  Supreme Court tells police, “Violence is not the solution.”

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.