പി.എം. ശ്രീയില്‍ നിന്ന് പിന്മാറാം: സംസ്ഥാന സര്‍ക്കാര്‍ വാദം തെറ്റെന്ന് രാജ്യസഭാ രേഖകള്‍
Kerala
പി.എം. ശ്രീയില്‍ നിന്ന് പിന്മാറാം: സംസ്ഥാന സര്‍ക്കാര്‍ വാദം തെറ്റെന്ന് രാജ്യസഭാ രേഖകള്‍
റെന്വര്‍ പി
Friday, 31st July 2026, 12:12 pm

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചാലും സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാന്‍ പറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം തെറ്റെന്ന് തെളിയിച്ച് രാജ്യസഭാ ചോദ്യോത്തരത്തിന്റെ രേഖകള്‍. രാജ്യസഭയില്‍ മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നതെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തെങ്കിലും പ്രത്യാഘാതം നേരിടേണ്ടി വരുമോ എന്നായിരുന്നു വഹാബിന്റെ ചോദ്യം. കരാറില്‍ നിന്ന് പിന്മാറിയാല്‍ പി.എം. ശ്രീ വഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ഈ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

പി.എം ശ്രീയില്‍ മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള പ്രഖ്യാപനം ഇന്നലെ പുറത്തുവന്നിരുന്നു. പദ്ധതിയില്‍ മുന്നോട്ടുപോവുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ അവകാശപ്പെട്ടിരുന്നത്. പദ്ധതിയുടെ ഭാഗമാവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പദ്ധതിയില്‍ മുന്‍ സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നു. അതിന്റെ ഭാഗമായി പണം വാങ്ങിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യസഭാ ചോദ്യോത്തരത്തില്‍ അബ്ദുല്‍ വഹാബിന് ജയന്ത് ചൗധരി നല്‍കിയ മറുപടി. പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാന്‍ സാധിക്കുമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശിവന്‍കുട്ടിയുടെ വാദത്തെ രാജ്യസഭാ ചോദ്യോത്തരത്തിന്റെ രേഖകള്‍ ശരിവെക്കുന്നു.

സംസ്ഥാനത്തെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2025 ഒക്ടോബറിലായിരുന്നു പി.എം. ശ്രീ ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിനെതിരെ പ്രതിപക്ഷത്തില്‍ നിന്നും എല്‍.ഡി.എഫിനകത്ത് നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പിന്നീട് പദ്ധതി മരവിപ്പിച്ചതായി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പി.എം. ശ്രീ പദ്ധതിയില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവച്ചതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാതെ വഴിയില്ലെന്നാണ് നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. പി.എം. ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിന് സമര്‍പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാലംഗ മന്ത്രി തല സമിതിയെ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.എം. ശ്രീയെ എതിര്‍ത്ത യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റിയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. യു.ഡി.എഫിന് അകത്ത് നിന്നടക്കം പി.എം. ശ്രീയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തില്‍ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി. ജേബി മേത്തറിന്റെ ചോദ്യത്തിന് ജയന്ത് ചൗധരി മറുപടി നല്‍കിയിരുന്നു. പി.എം ശ്രീ പദ്ധതിക്കായി സ്‌കൂളുകളെ തെരഞ്ഞെടുക്കുന്ന നടപടിയില്‍ കേരളം പങ്കെടുത്തില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും ജയന്ത് ചൗധരി അറിയിച്ചിരുന്നു.

എസ്.എസ്.കെ പദ്ധതി പ്രകാാരം വിദ്യാഭ്യാസ അവകാശ വിഹിതമായി നല്‍കുന്ന 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് അനുവദിച്ചത്. പി എം ശ്രീക്കായി പ്രത്യേകം ഫണ്ടുകള്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പി.എം. ശ്രീ പദ്ധതിയുടെ പ്രാഥമിക ഘട്ടമാണ് ധാരണാ പത്രം ഒപ്പിടുന്നത്. ഇതിന് ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ നടപടി മരവിപ്പിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം സ്‌കൂളുകളെ തെരഞ്ഞെടുക്കലാണ്. ഈ ഘട്ടത്തിലേക്ക് കേരളം പോയിട്ടില്ലെന്നാണ് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. പി.എം. ശ്രീ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഈ കാര്യം വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളൊന്നും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പി.എം ശ്രീ വെബ്സൈറ്റ് വ്യക്തമാക്കുന്നു. 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. രാജ്യത്താകെ 13092 സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകള്‍ പി.എം ശ്രീയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വെബ്സൈറ്റിലെ വിരങ്ങള്‍ വ്യക്തമാക്കുന്നു.

Content Highlight: States can withdraw from PM Shri : Central Minister’s Response

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.