കൊച്ചി: രണ്ടുദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

രണ്ടുദിവസമെങ്കിലും യുവതികള്‍ക്കു മാത്രമായി അനുവദിക്കണമെന്നാണ് സര്‍ക്കാറിന്റെ പക്ഷമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്തു ക്രമീകരണം ഒരുക്കാന്‍ കഴിയുമെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

രണ്ടുദിവസം യുവതികള്‍ക്കായി മാറ്റിവെക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

യുവതികളുടെ ഹര്‍ജി പരിശോധിച്ച കോടതി യുവതീ പ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയോയെന്ന് സര്‍ക്കാറിനോട് ആരാഞ്ഞു. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു.

Also Read:ശബരിമലയില്‍ പോകാന്‍ പൊലീസ് സംരക്ഷണം നല്‍കണം: ഹൈക്കോടതിയില്‍ നാല് യുവതികളുടെ ഹര്‍ജി

അതിനിടെ ശബരിമലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ശബരിമലയില്‍ സാധാരണനില കൈവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ശബരിമലയില്‍ ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ട്. പ്രതിഷേധക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സമാധാനം കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂല സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ അക്രമം കാട്ടിയ ക്രിമിനലുകളെയാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നും യഥാര്‍ത്ഥ ഭക്തരെ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ബാധിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അക്രമങ്ങള്‍ സര്‍ക്കാറിന് എതിരെയല്ല. പൊലീസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് ഒരു പരാതിയുമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Also Read:ശബരിമല തന്ത്രിക്കും ശ്രീധരന്‍ പിള്ളയ്ക്കുമെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും എത്തിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവായുള്ള ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയില്‍ വലിയ തകര്‍ച്ചയാണുണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീംകോടതി വിധിയുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാവില്ലെന്നും ഇവിടെ പ്രശ്‌നമുണ്ടായാല്‍ എല്ലാ വഴികളും അടയുമെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.