പത്തനംതിട്ട: ശബരിമലയില്‍ പതിനെട്ടാം പടി കയറി ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് തന്ത്രി. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഒന്നും പറയാനില്ലെന്ന രീതിയില്‍ തന്ത്രി മറുപടി നല്‍കിയത്.
നേരത്തെ ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് പ്രവേശിച്ചതിന് പിന്നാലെ ശബരിമല നടയടച്ച് തന്ത്രി ശുദ്ധി ക്രിയ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തന്ത്രിയുടെ നിലപാട് അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്. യുവതി പ്രവേശിച്ചെന്ന് വ്യക്തമായതോടെ തന്ത്രി നടയടക്കുമോ എന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ച തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടാനിരിക്കെയാണ് ശ്രീലങ്കന്‍ സ്വദേശി ശബരിമല സന്നിധാനത്ത് പ്രവേശിച്ചെന്ന സ്ഥിരീകരണം വന്നത്.
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ വിവാദ തീരുമാനവും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേരുന്നുണ്ട്.
സംഘപരിവാര്‍ ഹര്‍ത്താലിനെ ഭീകരതയെന്ന് വിശേഷിപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍
തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോര്‍ഡ് നിയമാവലി പ്രകാരം നട അടയ്ക്കാന്‍ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല. സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവര്‍ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നും ബോര്‍ഡ് കരുതുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡ് വിശദീകരണം നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.
തന്ത്രിക്ക് മാത്രമായി ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവും പറഞ്ഞു. ദേവസ്വം ബോര്‍ഡ് മാന്വല്‍ പ്രകാരം തന്ത്രിക്കെതിരെ നടപടിയെടുക്കാം. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്ത്രിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
